
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നിൽ പി ജയരാജന്‍റെ അനവസരത്തിലുള്ള ഇടപെടലെന്ന വിലയിരുത്തലുമായി സിപിഎം. രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമാക്കും വിധം വിവാദം വളര്‍ത്തിയതിന് പിന്നിൽ പി ജയരാജന്‍റെ മോര്‍ച്ചറി പരാമര്‍ശത്തിന് വലിയ പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. പരമാവധി അവഗണിച്ച് വിവാദം തണുപ്പിക്കാൻ തീരുമാനിച്ച സിപിഎം ഇക്കാര്യത്തിൽ തുടര്‍ പ്രസ്താവനകൾ വേണ്ടെന്ന് ഷംസീറിനെയും വിലക്കിയിട്ടുണ്ട്.
എറണാകുളം കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ പ്രസംഗം വിവാദമാക്കിയതും വളര്‍ത്തിയതും സംഘപരിവാര്‍ ഹാന്‍റിലുകളാണ്. പിന്നാലെയാണ് തലശേരി ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടന്നത്. പിന്നാലെ യുവമോര്‍ച്ച ജനറൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവുമുണ്ടായി. കൊലവിളി പ്രസംഗം ഏറ്റുപിടിച്ച പി ജയരാജന്റെ മറുപടി പ്രസംഗം എത്തിയത്.
സീമകൾ ലംഘിച്ച് വിവാദം ആളിക്കക്കത്തിയതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കൾക്ക് വരെ അത് ഏറ്റുപിടിക്കേണ്ടി വന്നതും പി ജയരാജന്റെ പ്രസംഗത്തിലൂടെയാണെന്നാണ് സിപിഎം വിലയിരുത്തൽ. നിലപാട് ആര്‍എസ്എസിന് എതിരാകുമ്പോൾ പി ജയരാജന്‍റെ പൊതു രീതിയും ശൈലിയും ഇതാണെങ്കിലും വര്‍ഗ്ഗ ശത്രുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതായി പോയി പ്രസംഗമെന്നും അത് ഒഴിവാക്കണമായിരുന്നു എന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്.
പി.ജയരാജന്റെ മോർച്ചറി പരാമർശം അനവസരത്തിലെന്ന് സിപിഎം
വ്യക്തി പൂജാ വിവാദത്തിലടക്കം പി ജയരാജനും എഎൻ ഷംസീറും തമ്മിൽ നിലനിന്നിരുന്ന ഉൾപ്പാര്‍ട്ടി പോരിലേക്ക് സംശയം കേന്ദ്രീകരിക്കുന്നവരും സിപിഎമ്മിൽ കുറവല്ല. കാര്യമെന്തായാലും മതസാമുദായിക വികാരങ്ങൾ കൂടുതൽ വ്രണപ്പെടുത്താതെ പ്രശ്നം അവസാനിപ്പിക്കാനും വിവാദ പ്രസ്താവനകളിൽ നിന്ന് അകലം പാലിക്കാനും നേതാക്കൾക്കും അണികൾക്കും നിര്‍ദ്ദേശമുണ്ട്. വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങൾ പാടില്ലെന്ന് സ്പീക്കര്‍ എഎൻ ഷംസീറിനേയും വിലക്കിയിട്ടുണ്ട്. പിബി സിസി യോഗങ്ങൾക്ക് ശേഷം അടുത്ത ആഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങൾ വിവാദ സാഹചര്യം വിശദമായി വിലയിരുത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam