കോഴിക്കോട്ടെ കെട്ടിട നമ്പര്‍ ക്രമക്കേട്: കെട്ടിട ഉടമയ്ക്ക് ജാമ്യം, ആറ് പ്രതികളുടെ അപേക്ഷ തള്ളി

By Web TeamFirst Published Jun 29, 2022, 4:49 PM IST
Highlights

സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കോഴിക്കോട്: കോഴിക്കോട്  അനധികൃതമായി കെട്ടിടാനുമതി നേടിയ കേസിൽ കെട്ടിട ഉടമയ്ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ക്രമക്കേടിൽ അറസ്റ്റിലായ അബൂബക്കർ സിദ്ധിഖിനാണ് കോഴിക്കോട് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. കോർപ്പറേഷൻ ജീവനക്കാരുൾപ്പടെയുളള മറ്റ് ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തളളി. ചോദ്യം ചെയ്യലിന് എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്നുമുൾപ്പടെയുളള ഉപാധികളിലാണ് കോടതി ജാമ്യം അനുവദിച്ചത്. കെട്ടിടാനുമതി ക്രമക്കേടിൽ ഉടമ, രണ്ട് കോർപ്പറേഷൻ ജീവനക്കാർ , ഒരു വിരമിച്ച ഉദ്യോഗസ്ഥൻ, മൂന്ന് ഇടനിലക്കാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം  ഫറോക് അസി. കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.  ഇവരെ കുടുതൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. 

2021ല്‍ എട്ടാം വാര്‍ഡിലെ രണ്ട് വ്യക്തികളുടെ വിവങ്ങള്‍  ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇവരില്‍ ഒരാള്‍ നല്‍കിയ കെട്ടിട നമ്പര്‍ അപേക്ഷയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. കെട്ടിട ഉടമയായ  അബൂബക്കര്‍ സിദ്ദീഖ് ആദ്യം വിരമിച്ച ഉദ്യോഗസ്ഥനായ രാജനെയാണ് സമീപിക്കുന്നത്. രാജന്‍ ഇടനിലക്കാര്‍ വഴി കോര്‍പ്പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ കുമാറിനെ കാണുകയും അനില്‍ കുമാര്‍ കെട്ടിട നികുതി വിഭാഗം ക്ലര്‍ക്ക് സുരേഷിനെ ബന്ധപ്പെടുകയും ചെയ്തു. സുരേഷാണ് സോഫ്റ്റുവേറില്‍ പഴുതുപയോഗിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

click me!