അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത നാലുപേരും നിരപരാധികളെന്നും ഇവർക്കെതിരെയുളള നടപടികൾ മരവിപ്പിക്കണമെന്നുമാണ് സംയുക്ത സമരസമിതി ആവശ്യപ്പെടുന്നത്.  

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ അനിശ്ചിത കാല ധർണ തുടങ്ങി. അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത നാലുപേരും നിരപരാധികളെന്നും ഇവർക്കെതിരെയുളള നടപടികൾ മരവിപ്പിക്കണമെന്നുമാണ് സംയുക്ത സമരസമിതി ആവശ്യപ്പെടുന്നത്. 

ക്രമക്കേടിനെക്കുറിച്ചന്വേഷിക്കുന്ന കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ. സെക്രട്ടറിയെ മാറ്റിനിർത്തി ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് ബാരിക്കേട് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ നേരിയ ഉന്തും തളളുമുണ്ടായി. ക്രമക്കേടന്വേഷിക്കുന്ന ഫറോക് അസി. കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം ഇന്ന് കൂടുതൽ ജീവനക്കാരിൽ നനിന്ന് മൊഴിയെടുക്കും. 

കെട്ടിട നമ്പർ ക്രമക്കേടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ കൗൺസിൽ യോഗം അലങ്കോലപ്പെടുത്തി. മേയറുടെ മൈക്ക് നശിപ്പിച്ച പ്രതിപക്ഷാംഗങ്ങൾ അജണ്ട കീറി എറിഞ്ഞു. ചേമ്പറിന് മുന്നിൽ സ്ഥാപിച്ചിരുന്ന മേയർ , ഡെപ്യൂട്ടി മേയർ എന്നിവരുടെ നെയിം ബോർഡുകളും നശിപ്പിച്ചു.

കെട്ടിട നമ്പര്‍ ക്രമക്കേടില്‍ നാടകീയ രംഗങ്ങളാണ് കോഴിക്കോട് കോര്‍പറേഷന്‍റെ കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെ ഉണ്ടായത്. കോര്‍പറേഷന്‍ സെക്രട്ടറിയെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചു. ഇതോടെയാണ്
യുഡിഎഫിന്‍റെയും ബിജെപിയുടേയും അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടത്തളത്തില്‍ ഇറങ്ങിയത്.

മേയറുടെ ഇരിപ്പിടത്തിനടുത്തെതെതിയ പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ മൈക്ക് നശിപ്പിച്ചു.അജണ്ട കീറിയെറിഞ്ഞു.മുദ്രാവാക്യം വിളികളോടെ കൗണ്‍സില്‍ ഹാളില്‍ ബഹളം തുടര്‍ന്നതോടെ യോഗം പിരിഞ്ഞതായി മേയര്‍ അറിയിച്ചു. എന്നാല്‍ ഹാളിന് പുറത്തേക്ക് പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം മേയറുടെ ചേംമ്പറിനകത്ത് കയറിയും പ്രതിഷേധിച്ചു. പിന്നീട് മേയറുടെ ചേംബറിന് പുറത്തെ വരാന്തയിലായി പ്രതിഷേധം . ഇതിനിടെ മാധ്യമങ്ങളെ കണ്ട മേയര്‍ പ്രതിപക്ഷ പ്രതിഷേധത്തെ അപലപിച്ചു. 

സംഭവത്തില്‍ വിജിലന്‍സ് കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നിലപാട്. രണ്ട് മണിക്കൂറിലേറെ സമയം കോര്‍പറേഷനകത്ത് പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിനിടെ മേയറുടേയും ഡെപ്യൂട്ടി മേയറുടേയും ചേംമ്പറിന് മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു.

Read Also: കെട്ടിട നമ്പർ ക്രമക്കേട്: കോഴിക്കോട് കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന, നിർണായക രേഖകൾ കണ്ടെടുത്തു