
തൃശ്ശൂര്‍: പെരുമ്പിലാവില്‍ മുറ്റത്തുനിന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം. പുത്തംകുളം കുണ്ടുപറമ്പിൽ നീനയ്ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന ഇവരുടെ കയ്യിൽ നായ കടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഇവരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൃശ്ശൂരില്‍ മറ്റൊരാള്‍ക്കും തെരുവുനായയുടെ കടിയേറ്റു. ചിറ്റാട്ടുകര നടുപന്തിയിൽ കടവല്ലൂർ സ്വദേശി ആഷിക്കിനെയാണ് തെരുവുനായ കടിച്ചത്. ബൈക്ക് ഓടിക്കവേയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ആഷിക്കിനെ പ്രതിരോധ വാക്‌സീൻ എടുക്കാനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പാലക്കാട്ടും തെരുവുനായ ശല്യം രൂക്ഷമാണ്. പാലക്കാട് നഗരത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുൽത്താനയെയാണ് തെരുവുനായ കടിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകാലുകളിലും കടിയേറ്റ ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് മാത്രം ആറ് പേർക്കാണ് നായയുടെ കടിയേറ്റത്. മദ്രസയിൽ പോയ വിദ്യാർത്ഥികളും സ്കൂൾ അധ്യാപകനും നായയുടെ ആക്രമണത്തിനിരയായി. മേപറമ്പിൽ രാവിലെ മദ്രസയിൽ പോയ വിദ്യാർത്ഥികൾക്കാണ് ആദ്യം കടിയേറ്റത്. അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നീ വിദ്യാർത്ഥിനികളെയാണ് നായ ആക്രമിച്ചത്.
നായ കുട്ടികളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ആൾക്കും കടിയേറ്റു. മാരകമായി പരിക്കേറ്റ നെദ്ഹറുദ്ധീനെയും വിദ്യാർത്ഥികളേയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചങ്ങല പൊട്ടിച്ചെത്തിയ വളർത്തുനായായാണ് ഇവരെ കടിച്ചത്. നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കാണ് കടിയേറ്റത്. ബസ് ഇറങ്ങി ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂളിന് മുമ്പിൽ വച്ചായിരുന്നു ആക്രമണം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. പാലക്കാട് തോട്ടര സ്കൂളിലെ അധ്യാപകനും നായയുടെ കടിയേറ്റു. കെ.എ ബാബുവിനെ സ്കൂൾ സ്റ്റാഫ് റൂമിന് മുന്നിൽ വച്ചാണ് നായ ആക്രമിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam