ലൈഫ് പദ്ധതിയില്‍ വീടില്ല: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടികിടപ്പ് സമരം തുടങ്ങി ആദിവാസി യുവതി

By Web TeamFirst Published Nov 9, 2022, 6:40 AM IST
Highlights

ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ ഇവരെ ഭൂരഹിത ഭവന രഹിത വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ലൈഫിന്‍റെ കരട് ലിസ്റ്റ് വന്നപ്പോള്‍ പുറത്തായെന്നാണ് പരാതി

 

കോഴിക്കോട് : സര്‍ക്കാരിന്‍റെ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കാതായതോടെ കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടികിടപ്പ് സമരം തുടങ്ങി ആദിവാസി യുവതി . മാനസിക വെല്ലുവിളി നേരിടുന്ന ഓട്ടപ്പാലം സ്വദേശി സരോജിനിയാണ് പഞ്ചായത്ത് ഓഫീസിന്‍റെ മുന്നിലേക്ക് താമസം മാറ്റിയത്.വീടിനായി പല വട്ടം അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അനുകൂല നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൂരാച്ചുണ്ട് ഓട്ടപ്പാലത്തെ പുറമ്പോക്ക് ഭൂമിയിലെ ടാര്‍പോളിന്‍ ഷെഡിലായിരുന്നു സരോജിനിയും ഭര്‍ത്താവ് ഗോപാലനും താമസിച്ചിരുന്നത്. ലൈഫ് പദ്ധതിയില്‍പെടുത്തി വീട് കിട്ടാനായി പലവട്ടം അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ ഇവരെ ഭൂരഹിത ഭവന രഹിത വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ലൈഫിന്‍റെ കരട് ലിസ്റ്റ് വന്നപ്പോള്‍ പുറത്തായെന്നാണ് പരാതി. ഇതോടെയാണ് സരോജിനി പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് താമസം മാറ്റിയത്.

ലൈഫ് പദ്ധതിക്ക് അപേക്ഷ നല്‍കിയതിനു ശേഷം സ്വന്തം പേരിലേക്ക് സരോജിനി റേഷന്‍ കാര്‍ഡ് മാറ്റിയിരുന്നു. അപേക്ഷ നല്‍കിയപ്പോള്‍ ഉള്ള റേഷന്‍ കാര്‍ഡല്ല വില്ലേജ് ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രത്തിലുണ്ടായിരുന്നത്. അതിനാല്‍ ഭൂരഹിത ഭവന രഹിത പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് പഞ്ചായത്ത് അധിക‍ൃതര്‍ സരോജിനിക്ക് മറുപടി നല്‍കിയതായി ബന്ധുക്കള്‍ പറ‌ഞ്ഞു. പുതിയ റേഷന്‍ കാര്‍ഡ് പ്രകാരം സരോജിനിയുടെ അപേക്ഷ ലഭിച്ചത് ഈ മാസം 5നാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.സുരക്ഷിതമായി താമസിക്കാന്‍ ഇടം കിട്ടും വരെ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ താമസം തുടരാനാണ് സരോജിനിയുടെ തീരുമാനം

ലൈഫ് 2020 : നടപടികളിലേക്ക് സ‍ര്‍ക്കാര്‍, ലക്ഷ്യം 106000 വീടുകൾ, അതിദരിദ്രര്‍ക്കും എസ് സി- എസ്ടി ക്കും മുൻഗണന
 

click me!