
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സമരം ശക്തമാക്കി പിഎസ്‍സി ഉദ്യോഗാർത്ഥികൾ. പ്രതിഷേധക്കാറ്റ് കൊടുങ്കാറ്റാകുമ്പോഴും പിൻവാതിൽ അടക്കാൻ സർക്കാരും തയ്യാറായിട്ടില്ല. നൂറ് കണക്കിന് താത്‍കാലികക്കാരെ നിയമിക്കാൻ നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെ ഉദ്യോഗാർത്ഥികളും പിന്നോട്ടില്ല. ഞായറാഴ്ച ദിനവും സെക്രട്ടറിയേറ്റിലേക്ക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് നടപടിക്രമങ്ങൾ വേഗത്തിലാകുമ്പോൾ സെക്രട്ടറിയേറ്റ് പരിസരം സമരഭരിതമാണ്. എൽജിഎസുകാരുടെ ശയനപ്രദക്ഷിണം നടത്തി. ഇതിനിടെ സമര നേതാവ് ലയ രാജെഷ് കന്‍റോണ്‍മെന്‍റ് ഗേറ്റിന് മുന്നിൽ കുഴഞ്ഞുവീണു. ലയയെ മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചു.
സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരുടെ സ്ഥാനത്ത് തസ്തിക സൃഷ്ടിച്ച് തങ്ങളെ നിയമിക്കണമെന്നാണ് എൽജിഎസുകാരുടെ ആവശ്യം. ഇത് അപ്രായോഗികമെന്ന് സർക്കാർ വ്യക്തമായതോടെ ഇനി ചർച്ചക്കുള്ള സാഹചര്യവും അനിശ്ചിതത്വത്തിലായി. കാലാവധി പൂർത്തിയായ സിവിൽ പൊലീസ് പട്ടികയിലെ ഉദ്യോഗാർത്ഥികളുമായി ചർച്ചക്ക് പോലും സർക്കാർ തയ്യാറായിട്ടില്ല.
അതേ സമയം ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന് ആരോപണത്തിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നതെന്ന് എ.വിജയരാഘവൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam