
തിരുവനന്തപുരം: സർക്കാരും ഗവർണ്ണറും അനുമതി നിഷേധിച്ചിട്ടും സംസ്ഥാനത്ത് ഒരു സർവ്വകലാശാലയിലുമില്ലാത്ത പബ്ലിക്കേഷൻ ഡയറക്ടർ തസ്തിക സൃഷ്ടിക്കാൻ കാലടി സർവ്വകലാശാലയുടെ നീക്കം. റിട്ടയർ ചെയ്യാനിരിക്കുന്ന പ്രമുഖ സിപിഎം അനുകൂല യൂണിയൻ നേതാവിനെ നിയമിക്കാനാണ് കാലടി സർവ്വകലാശാലയുടെ ഈ വഴി വിട്ട നീക്കം.
കാലടി സർവ്വകലാശാലയ്ക്ക് കീഴിലുള്ള അച്ചടി വിഭാഗത്തിലെ സീനിയർ പബ്ലിക്കേഷൻ ഓഫീസർ തസ്തിക ഡയറക്ടർ ഓഫ് പബ്പിക്കേഷനാക്കി ഉയർത്താനാണ് നീക്കം നടക്കുന്നത്. യുജിസി നിരക്കിൽ ശമ്പളം നൽകുന്നതടക്കമുള്ള ശുപാർശകളും കൂട്ടത്തിലുണ്ട്. ഇങ്ങനെയൊരു തസ്തിക സംസ്ഥാനത്ത് ഒരു സർവ്വകലാശാലയിലുമില്ല. 2018ലും 2019ലും ധനവകുപ്പും വിദ്യാഭ്യാസവകുപ്പും അധികബാധ്യത ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിട്ടും പ്രിൻസിപ്പൽ സെക്രട്ടറിക്ക് വീണ്ടും അതേ ആവശ്യമുന്നയിച്ച് കത്ത് നൽകിയിരിക്കുകയാണ് സർവ്വകലാശാല. ഡയക്ടർ ഓഫ് പബ്ലിക്കേഷൻ തസ്തിക എത്രയും പെട്ടെന്ന് സൃഷ്ടിക്കാനാണിപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നീക്കം.
സംസ്ഥാനത്തെ വലിയ സർവ്വകലാശാലകൾക്ക് പോലുമില്ലാത്ത ഒരു തസ്തികയ്ക്കായി കാലടി സർവ്വകലാശാല ഇങ്ങനെ നിരന്തരം പിടിവാശി കാണിക്കുന്നത് സർവ്വകലാശാലയിലെ ഇടത് യൂണിയൻ നേതാവിന് വേണ്ടിയാണ് എന്നാണ് ആരോപണം. 2021 ഏപ്രലിൽ വിരമിക്കേണ്ട ഇയാളെ സർവ്വകലാശാല അധ്യാപകർക്ക് നൽകുന്ന ശമ്പള നിരക്കിൽ നിയമിച്ചാൽ 4 വർഷം സർവ്വീസും നീട്ടിക്കിട്ടും. എന്നാലിതേക്കുറിച്ച് ചോദിച്ചപ്പോൾ താല്ക്കാലിക തസ്തിക മാത്രമാണെന്നാണ് സർവ്വകലാശാല വിസി ധർമ്മരാജ് അടാട്ട് പ്രതികരിച്ചത്.സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പുതിയ തസ്തിക സൃഷ്ടിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam