
പാലാ: ഇടത് പക്ഷ ജനാധിപത്യ മുന്നണി മുങ്ങുന്ന കപ്പലാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ധാരാളം അണികളും നേതാക്കൻമാരും മാണി സി കാപ്പനൊപ്പം യുഡിഎഫിലേക്ക് വന്നിരിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിച്ച കാര്യമാണെന്നും കൂട്ടിച്ചേർത്തു.
എംൽഎ സ്ഥാനം രാജിവയ്ക്കാത്തതിൽ മാണി സി കാപ്പന്‍റെ ധാർമ്മികതയെ പറ്റി പറയുന്ന ആളുകൾ യുഡിഎഫിന്റെ വോട്ട് വാങ്ങി ജയിച്ച രണ്ട് എംഎൽഎമാരും എംപിയും ഇടത് മുന്നണിയോടൊപ്പം പോയപ്പോൾ അവർക്ക് ധാർമ്മികയില്ലേയെന്ന് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിഎസ്‍സി സമരത്തെ ആക്ഷേപിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ അനധികൃത നിയമനങ്ങൾ പുനപരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിനു ചില വിഷമങ്ങൾ ഉണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വിഷമങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനുള്ള കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് വാഗ്ദാനം. പച്ചയായ വർഗീയതയാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നതെന്നും പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുത് എന്ന് ആദ്യം പറഞ്ഞത് കോൺഗ്രസ് ആണെന്നും ചെന്നിത്തല പാലായിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam