
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ കൊല്ലപ്പെട്ട നിതിനയെ(Nithina Mol) അനുസ്മരിച്ച് ഡിവൈഎഫ്‌ഐ (DYFI) സംസ്ഥാന സെക്രട്ടറി എ എ റഹീം(AA Rahim).
ഡിവൈഎഫ്‌ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റായിരുന്ന നിതിന സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നുനെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപമാനകരമാണ്. വ്യത്യസ്ത മേഖലകളില്‍ ശോഭിക്കേണ്ട പ്രതിഭകളാണ് 'സുഹൃത്തിന്റെ'ചോരക്കൊതിയില്‍ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറയെ നമ്മള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം കൊണ്ട് സ്‌നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സുമായി നടക്കുന്ന കൗമാരത്തെ തിരുത്തണം. ആണ്‍ പെണ്‍ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനര്‍വായന വേണം. ഇഷ്ടമുള്ള ഒരാള്‍ എന്നാല്‍,തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരില്‍ വളരണം. കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാന്‍ എല്ലാ നിയമ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ സുഹൃത്ത് അഭിഷേക് നിതിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബന്ധങ്ങളില്‍ വീണ്ടും ചോര പടരുന്നു.
അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തായിരുന്നവരുടെ കൊലക്കത്തിക്ക് ഇരയായത്.ഇന്ന് പാലാ സെന്റ് തോമസ് കോളേജില്‍ വച്ചു ഒരു പെണ്‍കൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. നിതിനാ മോള്‍ ഡിവൈഎഫ്‌ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ്പ്രസിഡന്റ് കൂടി ആയിരുന്നു. സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപമാനകരമാണ്.ഭാവിയില്‍ സമൂഹത്തിന് തുണയാകേണ്ട,വ്യത്യസ്ത മേഖലകളില്‍ ശോഭിക്കേണ്ട പ്രതിഭകളാണ് 'സുഹൃത്തിന്റെ'ചോരക്കൊതിയില്‍ ഇല്ലാതാകുന്നത്.
ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്. യെസ് എന്ന് മാത്രമല്ല,നോ എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറയെ നമ്മള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിജയങ്ങള്‍ മാത്രമല്ല ജീവിതത്തില്‍,പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികള്‍ പഠിക്കണം.സാമൂഹ്യ ഇടങ്ങള്‍ ഇല്ലാതാവുകയും,സംഘര്‍ഷ രഹിതമായ അനുഭവങ്ങളിലൂടെ വളര്‍ന്നു വരികയും ചെയ്യുന്നകൗമാരം ഇന്ന് സാമൂഹ്യ പ്രശ്‌നമായി വളരുന്നു.ഒരു നിമിഷം കൊണ്ട്,സ്‌നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സുമായി നടക്കുന്നകൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ..
ഇനി ഇതുപോലെ ഒരു ദുരന്ത വാര്‍ത്തയും ഉണ്ടാകാതിരിക്കട്ടെ.ആണ്‍ പെണ്‍ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനര്‍വായന വേണം.ഇഷ്ടമുള്ള ഒരാള്‍ എന്നാല്‍, തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരില്‍ വളരണം. കൊല്ലപ്പെട്ട നിതിനാ മോളുടെ വീട് സന്ദര്‍ശിച്ചു. കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാന്‍ എല്ലാ നിയമ സഹായവും ഉറപ്പാക്കും.
നിതിനയ്ക്ക് ആദരാഞ്ജലികള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam