60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം; ലക്ഷ്യം ചൂഷണം തടയലെന്ന് എംവിഡി, സെപ്തംബർ 21ന് പ്രാബല്യത്തിൽ

Published : Aug 30, 2026, 09:00 AM IST
MVD

Synopsis

ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തോടെ, ഭൂരിഭാഗം സേവനങ്ങൾക്കും ആർടി ഓഫീസുകൾ സന്ദർശിക്കേണ്ടി വരില്ല. അപേക്ഷകൾ പൂർണമായും ഓൺലൈനായി സമർപ്പിക്കാനും വേഗത്തിൽ തീർപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും.

തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന വകുപ്പ്. ​ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായാണ് ഈ മാറ്റമെന്ന് എംവിഡി അറിയിച്ചു. സെപ്റ്റംബർ 21 മുതലാണ് ആധാർ ഒടിപി നിർബന്ധമാക്കുക.

വാഹൻ (വാഹന സംബന്ധമായ സേവനങ്ങൾ), സാരഥി (ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ) പോർട്ടലുകൾ വഴി മോട്ടോർ വാഹന വകുപ്പ് 60-ഓളം സേവനങ്ങൾ നൽകുന്നുണ്ട്. ഇതിൽ 21 സേവനങ്ങൾ നിലവിൽ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ലാത്ത സേവനങ്ങളാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒടിപി പരിശോധനയിലൂടെ അപേക്ഷകർക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാം. എന്നാൽ ശേഷിക്കുന്ന സേവനങ്ങൾക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാൽ സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.

സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീർണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്‍റുമാരെ ആശ്രയിക്കാറുണ്ട്. എന്നാൽ ചില ഏജന്റുമാർ അപൂർണ്ണമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് എംവിഡി പറയുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി ശേഷിക്കുന്ന എല്ലാ പരിവാഹൻ സേവനങ്ങളും കൂടി ഫേസ്‌ലെസ്സ് ഓൺലൈൻ സേവനങ്ങളാക്കി മാറ്റുകയാണെന്ന് എംവിഡി അറിയിച്ചു. ​

പുതിയ സംവിധാനമിങ്ങനെ

1.​ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകൾ സമർപ്പിക്കാം.

2.​ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിൽ അപേക്ഷകൾ തീർപ്പാക്കും.

3.​ വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ പരിശോധന, കാരണം കാണിക്കൽ നോട്ടീസിനെത്തുടർന്നുള്ള വ്യക്തിഗത വാദം കേൾക്കൽ തുടങ്ങിയ പ്രക്രിയകൾക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങൾക്കും ഇനി ആർടി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല.

4. ​'നമ്മുടെ കേരളം' പോർട്ടൽ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഈ പോർട്ടൽ വഴി വ്യക്തിഗത വാദം കേൾക്കൽ, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും.

5. ​'നമ്മുടെ കേരളം' പോർട്ടലിലെ 'Vmeet' വഴി ആർ.ടി.ഒയ്ക്ക് മുന്നിൽ വീഡിയോ കോൾ വഴി ഹാജരാകാനുള്ള സൗകര്യം.

6.​ പൊതുജനങ്ങൾക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകൾ സമർപ്പിക്കുന്നതിൽ സഹായം ആവശ്യമുള്ളവർക്കോ, സമയമില്ലാത്തവർക്കോ, നടപടിക്രമങ്ങൾ അറിയാത്തവർക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (കേന്ദ്രങ്ങളെയോ അല്ലെങ്കിൽ ആർ.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

7.​ ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആർ.ടി. ഓഫീസിൽ നേരിട്ട് പോകേണ്ടി വന്നേക്കാം.

8.​ ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകൾ ആർ.ടി. ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല.

9. ​ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിൾ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യണം.

10.​ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹൻ പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി; 100 കോടി തട്ടിയെന്ന് ആരോപണം
ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ്, വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും, കോടതിയിൽ മൃദുസമീപനവുമായി സർക്കാർ