
തിരുവനന്തപുരം : ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽ നിന്നും മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പ്രസാദ്. ഇയാൾ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഈ മാസം 17 ന് ബിജു മുങ്ങിയത്. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. സർക്കാര്‍ സംഘത്തിൽ നിന്നും മുങ്ങിയതല്ലെന്നും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതായിരുന്നുവെന്നുമാണ് തന്നോട് ബിജു പറഞ്ഞതെന്നാണ് സഹോദരൻ ബെന്നി ഇരട്ടി അറിയിച്ചത്. എയര്‍പോര്‍ട്ടിലെ എമിഗ്രേഷൻ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ബിജു തന്നെ വിളിച്ചതായും നാളെ കോഴിക്കോട്ട് എത്തുമെന്നും ബെന്നി അറിയിച്ചു.
കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്‍റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദര്‍ശന വേളയിൽ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ എന്ന കര്‍ഷകൻ സംഘത്തില്‍ നിന്നും കാണാതായി. പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന്തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടു. ഇതോടെയാണ് ഇയാൾ തിരികെപോരാൻ തീരുമാനിച്ചതെന്നാണ് സൂചന.
കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് കൊണ്ടുപോകാമോ എന്ന് കർഷകന്റെ അപേക്ഷ, നടപ്പില്ലെന്ന് പഞ്ചായത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam