
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെതിരെ യൂ ടേൺ സർക്കാരെന്ന വിമർശനം ഉന്നയിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവർഷം. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ് രൂക്ഷമായി പി ജെ കുര്യനെ കടന്നാക്രമിക്കുന്നത്. പി ജെ കുര്യനും വി എം സുധീരനും ഈ സർക്കാരിനെ ഭരിക്കാൻ അനുവദിക്കുന്നില്ല, ഇരുവരെയും കോൺഗ്രസിൽ നിന്ന് പുറത്താക്കണം എന്നെല്ലാമാണ് കമന്‍റുകൾ. വി ഡി സതീശൻ സർക്കാരിന്റെ ചില തീരുമാനങ്ങൾ കണ്ട് യൂ ടേൺ സർക്കാർ എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ലെന്നാണ് പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
'ആരെങ്കിലും അഭിപ്രായം ചോദിച്ചോ, താങ്കൾ പോയി വിശ്രമിക്കൂ, കോണ്‍ഗ്രസിന്‍റെ ശാപം ഇതുപോലുള്ളവർ, സിപിഎംകാർ പോലും കണ്ടുപിടിക്കാത്ത കാര്യങ്ങൾ' എന്നു തുടങ്ങി എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ടുള്ള അസഭ്യ വർഷം വരെ നടത്തുകയാണ് അണികൾ. ചിലർ വി എം സുധീരനെയും അധിക്ഷേപിച്ചു. പി ജെ കുര്യന്‍റെ വിമർശനം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് താഴെയാണ് അധിക്ഷേപ കമന്‍റുകൾ.
ഊരാളുങ്കലിന് അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് കൊടുത്തത് തെറ്റാണെന്ന് പി ജെ കുര്യൻ നേരത്ത തുറന്നടിച്ചിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപണം ഉന്നയിച്ചതാണ്. സിപിഎമ്മിന്‍റെ പണത്തിന്‍റെ കേന്ദ്രം ഊരാളുങ്കലാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു അന്വേഷണം പോലും ഇല്ലാതെ സഭയിൽ ക്ലീൻ ചിറ്റ് കൊടുത്തത് ശരിയായില്ലെന്ന് പി ജെ കുര്യൻ പറഞ്ഞു. പി എസ് സി ക്രമക്കേട് വിവാദത്തിൽ എസ്ഐടിയെ സർക്കാർ നിയോഗിക്കണം. അഴിമതിക്കാരെ ജയിലിൽ അടയ്ക്കണം. അല്ലെങ്കിൽ ഈ സർക്കാരിനെതിരെ ജനം തിരിയുമെന്നും പി ജെ കുര്യൻ മുന്നിയിപ്പ് നൽകി.
ബന്ധു നിയമനത്തിൽ ഔചിത്യക്കുറവുണ്ടെന്നും പി ജെ കുര്യൻ വിമർശിച്ചു. സ്റ്റാഫ് നിയമനങ്ങളിൽ ഉൾപ്പെടെ പാർട്ടി പരിശോധന അനിവാര്യമാണ്. പാർട്ടി - സർക്കാർ ഏകോപനത്തിന് കമ്മിറ്റി അത്യാവശ്യമാണ്. വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ ആദ്യം യുഡിഎഫിൽ തീരുമാനക്കണമായിരുന്നുവെന്നും ഏത് നയവും പാർട്ടിയിലും യുഡിഎഫിലും ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും പി ജെ കുര്യൻ നിർദേശിച്ചു. കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam