
ഹരിപ്പാട് : കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പിക്കപ്പിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.
രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർമാനും പരിക്കേറ്റു. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് പുലർച്ചെ 5.45ന് ആയിരുന്നു സംഭവം. കായംകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോയ ഇയോൺ കാറും തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാർ യാത്രികരായ കോട്ടയം താഴകം കല്ലൂപറമ്പിൽ ഉണ്ണിരാജ (50) ഭാര്യ രേണു (45) പിക്കപ്പ് വാൻ ഡൈവർ തൃശൂർ കോട്ടപ്പടി വാഴപ്പള്ളി റോയി ഡോമനിക്ക് ( 42) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണിരാജയെയും രേണുവിനേയും വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം തുടർചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിൽ കുടുങ്ങിക്കിടന്ന റോയി ഡൊമിനിക്കിനെ ഹരിപ്പാട് നിന്നെത്തിയ അഗ്നിശമനസേനാ സംഘം വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. അപകടം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ കാലിന് ഗുരുതരമായി പരിക്കുണ്ട്.
വാൻ ഡ്രൈവറെ പുറത്തെടുക്കുന്നതിനിടയിൽ പരുക്കേറ്റ അഗ്നിശമന വിഭാഗത്തിലെ ഡ്രൈവർ പല്ലന സ്വദേശി അഭിലാഷിനെ ഹരിപ്പാട് താലുക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശ്രുശൂഷനൽകി വിട്ടയച്ചു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഹരിപ്പാട് പോലീസും അഗ്നിശമന സേനയും ഗതാഗതം നിയന്ത്രിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam