
കൊച്ചി: വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ തുടങ്ങി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. രാവിലെ 9.45 ഓടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഇന്നലെ പുലർച്ചെ വിവാഹത്തിന് മേക്കപ്പിനായി കുമരകത്തേക്ക് പോകുമ്പോൾ കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആവണിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് വിപിഎസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ആവശ്യപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ച് ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്നിരുന്നു.
ആവണി അപകടനില തരണം ചെയ്തെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണ്. ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ് ആവണി. ആലപ്പുഴ കൊമ്മാടി സ്വദേശിയാണ്. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമാണ് ആവണിയുടെ ജീവിതപങ്കാളിയായ വി.എം. ഷാരോൺ. ഇവരുടെ വിവാഹം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ചേർന്ന് ആവണിയെയും ഒപ്പമുണ്ടായിരുന്ന രണ്ട് ബന്ധുക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എത്തിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനാൽ ആവണിയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിക്കുകയായിരുന്നു. പകൽ 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിൽ വിവാഹം നടന്നെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam