യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്; കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

By Web TeamFirst Published Jul 17, 2019, 6:19 AM IST
Highlights

ശിവരഞ്ജിത്, നസീം എന്നിവരെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ആശുപത്രിയിൽ കഴിയുന്ന അഖിലിന്റെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിയ കേസിലെ കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം എന്നിവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകിയിരുന്നു. പ്രതികളെ ഇന്ന് ഹാജാരാക്കാനാണ് അപേക്ഷ പരി​ഗണിച്ച ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 

കസ്റ്റഡി അനുവദിച്ചാല്‍ വിദ്യാർഥിയെ കുത്തിയ ആയുധം കണ്ടെത്താനായി പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും. അതേസമയം ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് മൊഴിയെടുക്കാൻ ഡോക്ടർമാർ അനുമതി നൽകിയത്. കേസിലെ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. പത്ത് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

എസ്എഫ്ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞു നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്‍റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. 

click me!