
തിരുവനന്തപുരം: മലയാള സിനിമയിൽ ഏറ്റവും മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയത് ശ്രീനിവാസനായിരുന്നു. ഇടതുപക്ഷത്തിനെയും കോൺഗ്രസിനെയും ഒരേപോലെ വിമർശിച്ച ശ്രീനിവാസന് പക്ഷേ അതിന്റെ പേരിൽ ഒരു ശത്രു പോലും ഉണ്ടായിട്ടില്ല. കാലങ്ങളേറെ പോയിട്ടും രാഷ്ട്രീയത്തിൽ ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഓരോ തെരഞ്ഞെടുപ്പ് കാലത്തും ശ്രീനിവാസനെ മലയാളി ഓർക്കുന്നുണ്ട്. സന്ദേശം മുതൽ അറബിക്കഥ വരെ. മലയാളി കൊണ്ടാടിയ രാഷ്ട്രീയ വിമർശനങ്ങൾ എല്ലാം തിരശ്ശീലയിൽ എത്തിയത് ശ്രീനിവാസനിലൂടെ ആയിരുന്നു. ആക്ഷേപഹാസ്യത്തിന് ഒരേസമയവും മൂർച്ചയും ചിരിയുടെ അകമ്പടിയും ഉണ്ടായിരുന്നതുകൊണ്ട് ശ്രീനിവാസിനെതിരെ രാഷ്ട്രീയക്കാർ തിരിഞ്ഞില്ല. കച്ചവട സിനിമയിൽ ഇങ്ങനെ രാഷ്ട്രീയം പറയാമെന്ന് ഇതിനുമുമ്പ് ഒരു സിനിമക്കാരനും കണ്ടെത്തിയിരുന്നില്ല.
കെ ജി ജോർജ് ആയിരുന്നു ശ്രീനിവാസിന്റെ ആഫ്റ്റർനൂണിലേക്കുള്ള വഴികാട്ടികളിൽ ഒരാൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷേപഹാസ്യ സിനിമയായ പഞ്ചവടി പാലത്തിൽ ഒരു ചെറിയ റോളിൽ ശ്രീനിവാസൻ ഉണ്ടായിരുന്നു. ആ സിനിമ പിന്നീടും ശ്രീനിവാസിന്റെ മനസ്സിൽ തുടർന്നു. പക്ഷേ ജോർജിനെ പോലെ പൊതിഞ്ഞു കെട്ടാതെ തന്നെ പച്ചക്ക് ശ്രീനിവാസൻ സിനിമയിൽ രാഷ്ട്രീയം പറഞ്ഞു. അതായിരുന്നു സന്ദേശം. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും രണ്ടു പക്ഷത്തിരുന്ന് നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ നാടകങ്ങളിൽ പലതും കൃത്യമായി പറഞ്ഞു സന്ദേശം. ലോകത്തെമ്പാടും കമ്മ്യൂണിസം തകർന്നു കൊണ്ടിരുന്ന കാലത്ത് പ്രതികരിച്ച രീതിയെയും ശ്രീനിവാസൻ പരിഹസിച്ചു.
വരവേൽപ്പ് എന്ന സിനിമ ട്രേഡ് യൂണിയനിസം കേരളത്തിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെയാണ് ചിത്രീകരിച്ചത്. ഒരു സാധാരണക്കാരനായ ബസ് മുതലാളിക്ക് തൊഴിലാളി സംഘടന ഉണ്ടാക്കുന്ന നഷ്ടങ്ങൾ അയാളുടെ തകർച്ച ഒക്കെ തന്നെ ചിത്രീകരിച്ച് കേരളത്തിൽ ട്രേഡ് യൂണിയൻസം ഉണ്ടാക്കിയ വലിയ പ്രശ്നങ്ങൾ ശ്രീനിവാസൻ തുറന്നുപറഞ്ഞു. കേരളത്തിലെ ഇടതുപക്ഷം ഒരു സാധാരണക്കാരനെ ബൂർഷ്വാ എന്ന് മുദ്രകുത്തി യഥാർത്ഥ ശത്രുവിനെ കണ്ടെത്താതെ നടത്തുന്ന പരിഹാസ്യമായ പോരാട്ടം ആയിരുന്നു ഈ സിനിമയിൽ ഉണ്ടായിരുന്നത്. അറബിക്കഥയിലെ ക്യൂബ മുകുന്ദനാണ് ശ്രീനിവാസൻ സമാനമായ രീതിയിൽ തകർത്തഭിനയിച്ച മറ്റൊരു കഥാപാത്രം. കാലം മാറിയത് അറിയാത്ത ഒരു കമ്യൂണിസ്റ്റ് ആയിരുന്നു ക്യൂബ മുകുന്ദൻ. അന്ന് വിഎസ് പക്ഷക്കാരനായ ഒരു കമ്മ്യൂണിസ്റ്റായി പലരും ക്യൂബ മുകുന്ദനെ കണ്ടു. സിനിമയിൽ രാഷ്ട്രീയം പറഞ്ഞെങ്കിലും പുറത്ത് ശ്രീനിവാസൻ കാര്യമായ വിമർശനങ്ങൾ നടത്തിയില്ല. ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ഞാൻ പ്രകാശനിൽ കോൺഗ്രസുകാരോടുള്ള വിമർശനമാണ് കണ്ടത്. അതിലെ സമരരംഗത്ത് നിന്ന് പേടിച്ചൂടുന്ന ഫഹദ് ഫാസിൽ കഥാപാത്രംത്തെ കോൺഗ്രസുകാർ പോലും കയ്യടിച്ചാണ് വരവേറ്റത്. പത്തും മുപ്പതും വർഷം കഴിഞ്ഞിട്ടും ശ്രീനിവാസന്റെ സിനിമയിലെ രാഷ്ട്രീയ വിമർശനങ്ങൾ അതേപടി ജനങ്ങൾ ഓർത്തുവച്ചു പറയുന്നു. കാലഹരണപ്പെടാത്ത ആക്ഷേപഹാസ്യമാണ് ശ്രീനിവാസൻ സിനിമകളിൽ ഉടനീളം ഉപയോഗിച്ചത്. എഴുത്തിലും അഭിനയത്തിലും ശ്രീനിവാസൻ ശൈലി ഇനിയൊരിക്കലും ആവർത്തിക്കപ്പെട്ടില്ല. നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam