താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'

Published : Dec 09, 2025, 12:15 PM ISTUpdated : Dec 09, 2025, 12:25 PM IST
actor lal

Synopsis

വിധി വന്നത് വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്ന് ലാൽ. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണെന്ന് നടൻ ലാൽ. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്ന് ലാൽ പറഞ്ഞു. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 

നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താൻ ആഗ്രഹിച്ചത്. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ഈ വിധിയിൽ സന്തോഷമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. പൂർണ്ണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പിടി തോമസ് അല്ല. അതിനുശേഷമാണ് പിടി തോമസ് വരുന്നത്. മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ പറഞ്ഞു.

നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്കെതിരായ ഗൂഢാലോചനയെന്ന് പറഞ്ഞ് തിരിക്കുന്നത്. അതിന് പിന്നാലെയാണ് താൻ കേസിൽ പ്രതിയായതെന്നും ഇന്നലെ ദിലീപ് ആരോപിച്ചിരുന്നു. ദിലീപിന്‍റെ ആരോപണത്തിൽ മ‍ഞ്ജുവാര്യർ പ്രതികരിച്ചില്ല. പൊലീസിലെ ചില ക്രമിനലുകൾ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞുവെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുമായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നതെന്നുമാണ് ദിലീപിന്‍റെ ആരോപണം. ഇതിന് സമാനമായ പ്രതികരണമാണ് ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ളയും നടത്തിയത്. ദിലീപിനെ പ്രതിയാക്കാൻ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഗൂഢാലോന നടത്തിയെന്ന് കേസിന് മേൽനോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ട് ബി രാമൻപിള്ള പറഞ്ഞിരുന്നു.

ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം. രാഷ്ട്രീയ പ്രചാരണത്തിന് അടക്കം കാരണമായ കേസിൽ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധി അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറല്ല. കോടതി വിധി തൃപ്തികരമല്ലെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും പരാജയമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ വിമര്‍ശനം. പിടി തോമസിന്‍റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ പ്രതികരിച്ചു. എന്നും അവള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ഉമ തോമസ്, മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശത്തിലും പ്രതികരിച്ചു. ദിലീപിന്‍റേത് വളച്ചൊടിക്കലാണെന്നും ഇതുവരെ പറയാത്ത വാദങ്ങളാണ് ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ഉമ തോമസ് പറഞ്ഞു. ഇതൊക്കെ വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് പറഞ്ഞു. അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്നത് ആലോചനയിലുണ്ടെന്നും വിധി പകർപ്പ് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഉമ തോമസ് പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല