സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും അവധിയായിരിക്കും

കോട്ടയം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി കൂടുതൽ ജില്ലകളിലേക്ക്. ഏറ്റവും ഒടുവിലായി കോട്ടയം കളക്ടർ കൂടി അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് നാളെ മൊത്തം 5 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായി. ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. ഇതിനൊപ്പം തന്നെ കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ (വടകര, താമരശ്ശേരി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കാസർകോട്, വയനാട് ജില്ലകളിൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ അവധി ഓൺലൈൻ ക്ലാസുകൾക്ക് ബാധകമല്ല.

പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

അതേസമയം മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് അതത് ജില്ലാ കളക്ടർമാർ അറിയിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രതാ നിർദേശം ശക്തമാക്കിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. സംസ്ഥാനത്ത് നാളെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഞ്ഞ അലർട്ട്

30/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്

31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം

01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ്

02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

YouTube video player