
തൃശ്ശൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെ(K Surendran) രൂക്ഷ വിമർശനവുമായി സംഘപരിവാർ(rss) സഹയാത്രികനായ നടൻ സന്തോഷ് കെ നായര്‍ (Actor Santhosh). ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും, അതിന് ഭഗവാൻ അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോൾ കാണുന്നതെന്നും സന്തോഷ് തുറന്നടിച്ചു.
തൃശ്ശൂരിൽ തുവ്വൂർ രക്തസാക്ഷി അനുസ്മരണത്തിൻറെ ഭാഗമായി വിശ്വഹിന്ദു പരിഷ്ത്ത് സംഘടിപ്പിച്ച ഹിന്ദു ധർമ്മ ജന ജാഗ്രതാ സദസിൻറെ ഉദ്ഘാടനത്തിലായിരുന്നു സുരേന്ദ്രനും ബി.ജെ.പിക്കുമെതിരെയുള്ള സന്തോഷിൻറെ രൂക്ഷമായ വിമർശനം. പരിപാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞു നമ്മുടെ ഒരു നേതാവെന്ന് കെ.സുരേന്ദ്രൻറെ പേര് പറയാതെ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തുറന്നടിച്ചു.
'ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാൻ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പരിപാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു. ഹിന്ദുക്കളുടെ അവസ്ഥയ്ക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെ കൊടുക്കുന്നുണ്ട്, അത് നമ്മളെല്ലാവരും കാണുന്നുണ്ട്. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലെത്തുന്നവര്‍ നല്ലൊരു നേതാവാകുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളെപ്പോലെ ആവുകയാണ്. ഹിന്ദുക്കള്‍ക്ക് കോടാനുകോടി ദൈവങ്ങളുണ്ട്, ഇനി ആള്‍ദൈവങ്ങളുടെ ആവശ്യമില്ലെന്നും' സന്തോഷ് പറഞ്ഞു.