
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നതിനെ ചൊല്ലി വിചാരണ കോടതിയില്‍ ജഡ്ജിയും പ്രോസിക്യൂഷനും തമ്മില്‍ വാഗ്വാദം. ദിലീപിന്‍റെ അഭിഭാഷകന്‍ രേഖാമൂലം നല്‍കിയ കോപ്പികള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും വിചാരണ കോടതി ജഡ്ജി പറഞ്ഞു. എന്നാല്‍ ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെനും കോടതി ജീവനക്കാരെ സ്വാധീനിച്ചോയെന്ന് അന്വേഷിക്കേണ്ടതാണെന്നും പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു.
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള മുന്നു ഹർജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതി രേഖകള്‍ പ്രതികളുടെ ഫോണിലെത്തിയതു സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നടപടിയില്ലാത്തത് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയത്. എന്നാല്‍ രഹസ്യരേഖകളൊന്നും പുറത്തുപോയിട്ടില്ലെന്ന് കോടതി നിലപാടെടുത്തു.
നിലവില്‍ പുറത്തുവന്നത് എ 1 ഡയറിയുടെ ഭാഗങ്ങളും ചണ്ഡിഗഡിലെ ലാബില്‍ ഡിജിറ്റല്‍ പരിശോധനക്കായി കോണ്ടുപോകാന്‍ അനുവദിച്ചുകെണ്ടുള്ള കോടതി ഉത്തരവുമാണ്. ഇതു രണ്ടും രഹസ്യരേഖയല്ല. പുറത്തുവന്ന രേഖയിലെ ഒപ്പ് വിചാരണകോടതി ജഡ്ജിയുടേതുമല്ല. ഈ രണ്ടു രേഖകളുടെയും പകർപ്പ് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ അപേക്ഷയില്‍ നല്‍കിയിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍ കോടതി ജിവനക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസിന് എന്തധികാരമെന്നുചോദിച്ച കോടതി, ജീവനക്കാരുടെ കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും വ്യക്തമാക്കി. എന്നാല്‍ രഹസ്യരേഖ ചോര്‍ന്നിട്ടുണ്ടെന്നും അതിന് കൂടുതല്‍ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam