
ദില്ലി: നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതിക്ക് രൂക്ഷ വിമര്‍ശനം. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍, വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ല.
വിചാരണ ഇങ്ങനെ നീളുന്നത് എന്തുകൊണ്ടാണെന്ന് വിചാരണ കോടതിയെ വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി ചോദിച്ചു. ഇതെന്ത് വിചാരണ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രോസ് വിസ്താരം മാത്രം 1800 പേജുണ്ടെന്നും കോടതി നിരീക്ഷിച്ചു. 261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. പൾസർ സുനിയിൽ നിന്ന് 25000 രൂപ ചിലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നു. തല്‍ക്കാലം ഇതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ സ്വഭാവിക നടപടിയായിട്ടാണ് കാണുന്നതെന്ന് നടിയുടെ അഭിഭാഷകയായ ടിബി മിനി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോയുള്ള മുൻകരുതലുകളുടെ ഭാഗമായാണ് പലപ്പോഴും കോടതി ജാമ്യം നിഷേധിക്കുക. ഇവിടെ സാക്ഷി വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ ഈ കേസിൽ എല്ലാവരെയും വിസ്തരിച്ച് കഴിഞ്ഞതിനാലായിരിക്കാം സുപ്രീം കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിചാരിക്കുന്നത്. അടുത്ത് തന്നെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിബി മിനി പറഞ്ഞു.
പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും സുപ്രീം കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി പറഞ്ഞു. ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്നും സുപ്രീം കോടതിഉത്തരവിട്ടു. എന്നാൽ, ജാമ്യം നൽകിയതിനെ ശക്തമായി സംസ്ഥാനം എതിർത്തു.
വിചാരണത്തടവുകാരനായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് തവണ തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ച് പ്രതി ജാമ്യം നേടുന്നത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യുന്നതിൽ ഉന്നത ഇടപെടൽ സംശയിച്ച ഹൈക്കോടതി കഴിഞ്ഞ ജൂണിൽ പ്രതിക്ക് 25,000 രൂപ പിഴയുമിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ 113 ദിവസം നീണ്ട ക്രോസ് വിസ്താരവും, ഡിസംബർ വരെ നീളുന്ന കേസിന്‍റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങുന്ന പൾസർ സുനിയുടെ തുടർനീക്കങ്ങളും ഇനി നിർണായകമാകും.
മൈനാഗപ്പള്ളി കാറപകടം; മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി, അജ്മലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam