രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് സമസ്തയുടെ ആവശ്യം. ജുമുഅ നമസ്കാര സമയത്ത് പരീക്ഷകൾ നടത്തരുതെന്നും സമസ്ത ആവശ്യപ്പെടുന്നുണ്ട്.

കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് സമസ്തയുടെ ആവശ്യം. നൂറാം വാർഷിക സമ്മേളന പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യം ഉന്നയിച്ചത്. ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ പരീക്ഷാ സമയം നിശ്ചയിക്കണമെന്നും സമസ്ത ആവശ്യപ്പെടുന്നു. ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകൾ നടത്തുന്നതും വിശ്വാസികളായ വിദ്യാർത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും സമസ്‌ത ആവശ്യപ്പെടുന്നു. മദ്റസാ സമയവിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് നടപ്പിൽ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെടുന്നു. നൂറാം വാർഷിക സമ്മേളനത്തിലെ പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം

മലപ്പുറം ജില്ലാ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു. നൂറാം വാർഷിക സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് പ്രമേയം സമസ്ത പാസാക്കിയത്. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് ഭരണസൗകര്യത്തിനും വികസനത്തിനുമായി പുതിയ ജില്ല രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്‍റെ അഭിപ്രായം. ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പരിഗണന വേണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തി സമഗ്രമായ ജില്ലാ പുനർനിർണ്ണയം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്.