
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ (Actress Attack Case) വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക.ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ആം പ്രതി ദിലീപ് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.
പുതിയ നീക്കവുമായി ദിലീപ്
കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്‍റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്ന് ദിലീപ് അപേക്ഷയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam