Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചെന്ന റിപ്പോര്‍ട്ട്, വ്യക്തത വരുത്താതെ കോടതി

നടിയുടെ ദൃശ്യങ്ങളുള്ള എട്ട് ഫോൾഡറുകളും വിവോ ഫോൺ ഉപയോഗിച്ച് തുറന്നിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

The court and the investigation team did not clarify the forensic report that the scenes in the actress attack case were checked using the Vivo phone
Author
Kochi, First Published Jul 30, 2022, 6:58 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചെന്ന ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തത വരുത്താതെ കോടതിയും അന്വേഷണ സംഘവും. നടിയുടെ ദൃശ്യങ്ങളുള്ള എട്ട് ഫോൾഡറുകളും വിവോ ഫോൺ ഉപയോഗിച്ച് തുറന്നിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ദൃശ്യം തുറക്കാതെ തന്നെ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാനുളള സാധ്യതാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്.

വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് വിവോ ഫോണിൽ ഇട്ട് പരിശോധിച്ചെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. എന്നാൽ മെമ്മറി കാർഡിലെ നടിയുടെ ദൃശ്യങ്ങളുള്ള ഫോൾഡറുകൾ ഈ ഫോണിലിട്ട് തുറന്ന് പരിശോധിച്ചതായി എഫ്എസ്എൽ റിപ്പോർ‍ട്ടിലില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അതായത് ഈ ഫയലുകളുടെ ഹാഷ് വാല്യൂ പരിശോധനയിൽ മാറിയിട്ടില്ല. എന്നാൽ ദൃശ്യം തുറന്ന് നോക്കാതെ തന്നെ മെമ്മറി കാർഡിന്‍റെ ദൃശ്യങ്ങൾ ആൻഡ്രോയിഡ് ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് അയക്കാനോ കൈമാറാനോ കഴിയും. 

വിവോ ഫോണിൽ ഇട്ട മെമ്മറി കാർഡിലെ ഫോൾഡറുകൾ ഒന്നും തുറക്കാതെ ലോംഗ് പ്രസ് ചെയ്താൽ മറ്റൊരു ഫോണിലേക്ക് ഇവ ഷെയർ ചെയ്യാനാകും. നടിയുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ മറ്റൊരു ഫോണിലേക്ക് ടെലഗ്രാം വഴിയോ വാസ്ആപ് വഴിയോ അയച്ചിരിക്കാനുളള സാധ്യതയുമുണ്ട്. അത്തരമൊരു സംശയത്തിലാണ് ക്രൈംബ്രാഞ്ചിപ്പോള്‍. സാധാരണയായി ആൻഡ്രോയിഡ് ഫോണുകളിൽ മെമ്മറി കാർഡ് ഇട്ടാൽ ഇതിലേക്ക് ഒരു ഫോൺ ഡയറക്ടറികൂടി റൈറ്റ് ചെയ്യും. നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിൽ ഇത്തരമൊരു ഫോൺ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോൺ ഡയറക്ടറിയാണ് പരിശോധനയിൽ കണ്ടെത്തിയത്. അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് തിരിച്ചറിഞ്ഞത്. 

മെമ്മറി കാർഡിൽ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോൾഡറിൽ വിവോ ഫോൺ വിവരങ്ങൾ, ജിയോ നെറ്റുവര്‍ക്ക് ആപ്ലിക്കേഷന്‍, വാട്സ് ആപ്, ടെലഗ്രാം അടക്കമുള്ളവയുണ്ട്. കോടതിയുടെ അനുമതി കിട്ടിയാലേ ഈ ഫോൺ ആരുടേതെന്ന് ഔദ്യോഗികമായി അന്വേഷിക്കാനാകു എന്നാണ് അന്വേഷണ സംഘത്തിന്‍റെ ഇപ്പോഴത്തെ നിലപാട്. എന്നാൽ ഇത്രൊയക്കെ വിവരങ്ങൾ കിട്ടിയ സ്ഥിതിക്ക് ആരുടെ ഫോണിലാണ് ഉപയോഗിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് സൈബർ വിദഗ്ധരും പറയുന്നത്. 

വിവോ ഫോൺ ഉപയോഗിച്ച് താൻ ദൃശ്യം കണ്ടിട്ടില്ലെന്ന് മജിസ്ടേറ്റ് തന്നെ വ്യക്തമാക്കിയതോടെ കോടതിയുടെ പക്കലിരുന്ന മെമ്മറി കാർഡ് ഉപയോഗിച്ചതിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായ 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 നും 12 54 നും മധ്യേ ആരൊക്കെ കോടതിയിലുണ്ടായിരുന്നു എന്നതു കേന്ദ്രീകരിച്ചാണ് ഇനി ഇന്വേഷിക്കേണ്ടത്. പൊലീസുകാരെയും കോടതി ജീവനക്കാരെയുമൊക്കെ സംശയത്തിന്‍റെ നിഴലിലേക്ക് കൊണ്ടു വരേണ്ടതായി വരും. ഇതുതന്നെയാണ് അന്വേഷണം നിലയ്ക്കാൻ കാരണമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios