
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. അന്വേഷണത്തിലെ വീഴ്ചകളും തെളിവുകൾ ശേഖരിച്ചതിൽ പാളിച്ചകളും ഉണ്ടെന്ന് ആരോപിച്ചാണ് അപ്പീൽ. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ അതിൽ ദൃശ്യങ്ങൾ പകർത്തി എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് സുനിലിന്റെ വാദം. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്.
കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതെന്നും ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അപ്പീലിൽ മുഖ്യപ്രതി വാദിക്കുന്നു. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസമുണ്ടായി. തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനിൽ അപ്പീലിൽ പറയുന്നു. കേസിൽ 20 വർഷം തടവിനാണ് പൾസറിനെ ശിക്ഷിച്ചത്. സുനിലടക്കം നാല് പ്രതികളാണ് ഹൈക്കോടതിയിൽ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇതുവരെ അപ്പീൽ നൽകിയിരിക്കുന്നത്. ആറ് പ്രതികൾക്ക് 20 വർഷം ശിക്ഷ പറഞ്ഞ വിചാരണ കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാർ അപ്പീൽ ഇത് വരെയും ഫയൽ ചെയ്തിട്ടില്ല.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ പൾസർ സുനിയാവും ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പൾസർ സുനിക്കൊപ്പം മാർട്ടിൻ ആൻ്റണിയും (രണ്ടാം പ്രതി) ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും. മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠനാണ്. എന്നാൽ മൂന്നര വർഷമായി വിചാരണ തടവിലാണ് ഇയാൾ. അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ് 2 വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, 2 വർഷം വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം. ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപും 2 വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.
എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam