പഠനത്തെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അന്തിക്കാട് കെ.ജി.എം. സ്‌കൂളിലെ കുട്ടികള്‍ക്കായി 1500 ഏക്കര്‍ വിസ്തൃതിയുള്ള അന്തിക്കാട് കൊയ്ത്തുപാട സന്ദര്‍ശനം സംഘടിപ്പിച്ചു
തൃശൂര്‍: പാടം പൂത്ത കാലം കാണാന്‍, പാടത്തേക്ക് അവര്‍ എത്തി.... പഠനത്തെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അന്തിക്കാട് കെ.ജി.എം. സ്‌കൂളിലെ കുട്ടികള്‍ക്കായി 1500 ഏക്കര്‍ വിസ്തൃതിയുള്ള അന്തിക്കാട് കൊയ്ത്തുപാട സന്ദര്‍ശനം സംഘടിപ്പിച്ചു. നെല്‍കൃഷിയിടത്തില്‍ എത്തിയ കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മുതിര്‍ന്ന കര്‍ഷകന്‍ അറയ്ക്ക വീട്ടില്‍ മുഹമ്മദ് ലളിതമായി വിശദീകരിച്ചു നല്‍കി. വിത്തുവിതയ്ക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ലളിതമായി അവതരിപ്പിച്ചതോടെ കുട്ടികള്‍ക്ക് കൃഷിയോടുള്ള കൂടുതല്‍ ആകര്‍ഷണം ഉണ്ടായി. കൊയ്ത്തുപണികള്‍ നേരില്‍ കണ്ടത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി.
നെല്‍കതിരുകള്‍ കൊയ്യുന്ന രീതിയും നെയ്‌തെടുക്കുന്ന നെല്ല് ചാക്കിലാക്കുന്നതുവരെയും, ഉപയോഗിക്കുന്ന ഉപകരണങ്ങളും കുട്ടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു. കര്‍ഷകരുടെ കഠിനാധ്വാനത്തെക്കുറിച്ചുള്ള അവബോധം കുട്ടികള്‍ക്ക് ലഭിച്ചു. പാഠപുസ്തകങ്ങളിലൊതുങ്ങുന്ന അറിവുകളെക്കാള്‍ ഇത്തരം അനുഭവപാഠങ്ങള്‍ കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായകരമാണെന്ന് പ്രധാനധ്യാപകന്‍ ജോഷി ഡി. കൊള്ളന്നൂര്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയോടുള്ള അടുപ്പവും കൃഷിയോടുള്ള ആദരവും വളര്‍ത്തുന്നതിനുള്ള മികച്ച അവസരമായിരുന്നു ഈ സന്ദര്‍ശനം. വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടത്തിന്റെ സൗന്ദര്യം കുട്ടികള്‍ ആസ്വദിച്ചു. സന്തോഷവും കൗതുകവും നിറഞ്ഞ ഈ പഠനയാത്ര കുഞ്ഞുങ്ങളുടെ മനസില്‍ മറക്കാനാകാത്ത ഓര്‍മ്മയായി മാറി. പ്രധാന അധ്യാപകന്‍ ജോഷി ഡി. കൊള്ളന്നൂര്‍, അധ്യാപകരായ കെ. റോഷ്‌നി, എന്‍.ജി. ലിനി, ആന്റണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.


