
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും വിമർശനം ഉയർന്നു. കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു.
കോടതിയിലെ രഹസ്യ രേഖകൾ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണ് ഉദ്യോഗസ്ഥനെന്നാണ് മറ്റൊരു വിമർശനം. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.
അതേസമയം വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന് ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ഇന്നും ആവർത്തിച്ചു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവതയും വാദിച്ചു.
ജഡ്ജി മാറണമെന്ന ആവശ്യത്തെ എതിർത്ത് പ്രതിഭാഗം ഇന്നും രംഗത്തെത്തി. ഹൈക്കോടതിയുടെ നിർദേശത്തെ കീഴ്കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. കേസ് ഈ മാസം പത്തൊൻപതിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിട്ട് പരിശോധിച്ച വിവോ ഫോണിന്‍റെ ഉടമയാര്? അന്വേഷണം നിലച്ചു
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിട്ടുണ്ട്. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചത്. എങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ ഇപ്പോൾ ഉന്നയിക്കുന്ന വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ തുടരുന്നത് കണക്കിലെടുത്ത് ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam