
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയിൽ പൂർണ്ണവിശ്വാസമുണ്ടെന്ന ആക്രമിക്കപ്പെട്ട നടിയുടെ പ്രസ്താവന സർക്കാരിന് ആശ്വാസമാകുന്നു. ദിലീപും ഭരണമുന്നണിയിലെ ഉന്നതരും ചേർന്ന് കേസ് അട്ടിമറിച്ചെന്ന നടിയുടെ പരാതി നേരത്തെ സർക്കാരിനെ ഗുരുതര പ്രതിസന്ധിയിലായിക്കിയിരുന്നു. സർക്കാർ ഇരയെ കൈവിട്ടെന്ന യുഡിഎഫ് പ്രചാരണം തൃക്കാക്കരയിലടക്കം സജീവ ചർച്ചയാതോടെയാണ് അതിജീവിതയുമായുള്ള കൂടിക്കാഴ്ചക്ക് സർക്കാർ കൂടി മുൻകൈ എടുത്തത്.
പരാതി സർക്കാരിനെതിരെ എന്ന നിലയ്ക്ക് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതിൽ നടി ക്ഷമവരെ ചോദിച്ചതോടെ പ്രതിസന്ധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് എൽഡിഎഫ്. അപ്പോഴും പരാതിയിൽ നടി ഉന്നയിച്ച ഗുരുതര പ്രശ്നങ്ങളും ഇരക്കെതിരായ സിപിഎം നേതാക്കളുടെ വിമർശനങ്ങളും എൽഡിഎഫിന് വിട്ടൊഴിയാത്ത കുരുക്കാണ്. അതേസമയം, തന്റെ യാത്ര അറിയാത്തവരാണ് ആരോപണത്തിന് പിന്നിലെന്ന നടിയുടെ വാക്കുകൾ ഭരണമുന്നണിക്കുള്ള മറുപടിയായി പ്രതിപക്ഷം കാണുന്നു.
മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; ഡിജിപിയെയും എഡിജിപി ക്രൈമിനെയും അടിയന്തരമായി വിളിച്ച് പിണറായി
നടിയെ അപമാനിച്ച സിപിഎം നേതാക്കൾ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വീണ്ടും ആവശ്യപ്പെട്ടതോടെ വിഷയം കൂടതൽ സജീവമാക്കി സർക്കാരിനെതിരെ വിമർശനം കടുപ്പിക്കാൻ തന്നെയാണ് ഒരുങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്. നടിയുടെ പരാതിയിൽ രാഷ്ട്രീയം കലർത്തില്ലെന്നാണ് തുടക്കം മുതൽ പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതുകൊണ്ട് തന്നെ അതിജീവിതയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷത്തിന് രാഷ്ട്രീയമായ തിരിച്ചടി അല്ലെന്നാണ് യുഡിഎഫ് വിശദീകരണം. ദുഷ്കരമായ തന്റെ യാത്ര അറിയാത്തവരാണ് വിമർശിക്കുന്നതെന്ന നടിയുടെ പരാമർശം ഭരണപക്ഷത്തെ നേതാക്കൾക്കെതിരെയാണെന്ന് യുഡിഎഫ് പറയുന്നു.
പക്ഷേ, നടിയുടെ ഇന്നത്തെ വാക്കുകൾ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുകയാണ് എൽഡിഎഫ്. നടിയെ വൃത്തികെട്ട പ്രചാരണത്തിന് ഉപയോഗിച്ച സതീശനാണ് മാപ്പ് പറയേണ്ടെന്ന് എൽഡിഎഫ് കൺവീനർ തുറന്നടിച്ചു. മുഖ്യമന്ത്രിയെ അതിജീവിത സന്ദർശിച്ചതിൽ സർക്കാർ ആശ്വാസം കൊള്ളുമ്പോഴും ഭരണമുന്നണിയിലെ ഉന്നതർ കേസ് അട്ടിമറിച്ചുവെന്ന ഹൈക്കോടതി ഹർജി നടി പിൻവലിച്ചിട്ടില്ല. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ നടി ഉറച്ചുനിൽക്കുകയും ചെയ്യുന്നുണ്ട്.
ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നാണ് ഇന്നത്തെ സന്ദർശനത്തിന് ശേഷം അതിജീവിത പ്രതികരിച്ചത്. താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന നിലയിൽ കൺവേ ചെയ്യപ്പെട്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.
ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ കഴിഞ്ഞു. കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വളരെ വളരെ സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.