
തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി. വീടിനു മുന്നിൽ ഇന്നലെ രാത്രി അജ്ഞാതൻ ബൈക്കിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും റിനി വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതി പുറത്തു വന്നതിന്‍റെ പശ്ചാത്തലത്തിൽ, വളരെയധികം സന്തോഷമുണ്ടെന്നും എത്ര അസത്യ പ്രചാരണങ്ങൾ നടത്തിയാലും സത്യം വിജയിക്കും എന്നുള്ളതിന്‍റെ തെളിവാണിതെന്നും ആയിരുന്നു റിനിയുടെ പ്രതികരണം. അതിജീവിതകൾ ആരുമില്ലെന്നും ഇത് വെറുമൊരു കെട്ടുകഥമാത്രമാണെന്ന് പ്രചരിപ്പിച്ചവർക്ക് നൽകുന്ന മുന്നറിയിപ്പാണ് പരാതിയെന്നും റിനി പറഞ്ഞു. ഒരു അതിജീവിത മാത്രമല്ല, ഒരുപാട് അതിജീവിതകളുണ്ട്. ബുദ്ധിമുട്ടുകൾ നേരിട്ട മറ്റു പെണ്‍കുട്ടികൾ മുന്നോട്ട് വരണം. നിയമപരമായി നേരിടണം. പേരുപറയാതെ താൻ ഒരു തുറന്നു പറച്ചില്‍ നടത്തിയതിന് വലിയ സൈബർ അധിക്ഷേപമാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിയും കൂടെ നില്‍ക്കുന്നവരും യുവതിക്ക് മേല്‍ നടത്തുന്ന സമ്മർദ്ദമാണ് പരാതി നല്‍കാൻ ഇത്രയും വൈകാൻ കാരണം എന്നും റിനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരണമറിയിച്ചിരുന്നു.