
കൊല്ലം: കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗാതാഗത യോഗ്യമാക്കുമെന്ന് ഉറപ്പ് നൽകി ദേശീയപാത അതോറിറ്റി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തും. ഇതിന് ശേഷം എൻഎച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. നാളെ വൈകിട്ടോടെ സർവീസ് റോഡിൻ്റെ പുനർനിർമ്മാണം പൂർത്തിയാക്കും. മറ്റന്നാൾ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാക്കും. ഇന്നലെ കൊല്ലം കൊട്ടിയത്താണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന് അപകടം ഉണ്ടായത്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തയച്ചിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്കാണ് കത്തയച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്‍റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യം.
കൂടാതെ, ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ധരെ നിയോഗിച്ച് വിശദ പരിശോധന നടത്തുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിക്കുന്നത്. ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ ഉയരപ്പാതയുടെ നിര്‍മ്മാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ ഭൂപ്രകൃതിയും പ്രദേശത്തിന്‍റെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ ദേശീയപാതയെയും സര്‍വ്വീസ് റോഡുകളെയും വേര്‍തിരിച്ച് വന്‍മതില്‍ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.