
തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമയെ കോടതി വിസ്തരിച്ചു. ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്. സാക്ഷിയായെത്തി മൊഴി നൽകുകയായിരുന്നു. ശബരിനാഥിൻ്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമിച്ചത്. ആൽബത്തിൽ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന് റോമ വ്യക്തമാക്കി. അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയിൽ മൊഴി നൽകി.
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ശബരീനാഥ് വീണ്ടും ഒരു അഭിഭാഷകനെ പറ്റിച്ചതുമായി ബന്ധപ്പെട്ട് വഞ്ചിയൂർ പൊലീസ് ഇന്ന് ഒരു കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്. ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ പണം വാങ്ങി പറ്റിച്ചെന്നതാണ് പരാതി. അഭിഭാഷകനായ സഞ്ജയ് വർമ എന്നായാളാണ് പരാതി നൽകിയത്. ഓൺലൈൻ ട്രേഡിങിനായി തന്റെ കൈയിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. കോടതിയിൽ വിചാരണയ്ക്ക് വരുമ്പോഴാണ് ശബരീനാഥും സഞ്ജയ് വർമയും പരിചയത്തിലാകുന്നത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ശബരീനാഥ് അഭിഭാഷകനിൽ നിന്നും പണം തട്ടിയത്. പലരിൽ നിന്നായാണ് അഭിഭാഷകൻ 34 ലക്ഷം രൂപ സ്വരൂപിച്ചത്. അതാണ് തട്ടിയെടുത്തത്. ഇതിൽ അഭിഭാഷകൻ പരാതി നൽകുകയും വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam