
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അടക്കം നൽകിയ ഹർജികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജഡ്ജിയെ മാറ്റാൻ വിധിച്ചാൽ അത് ഇത്തരം കേസുകളിൽ നിർണായകമായ ഒരു വഴിത്തിരിവാകുകയും ചെയ്യും. നവംബർ 16-നാണ് കേസിൽ വാദം പൂർത്തിയാക്കി, കോടതി വിധി പറയാൻ മാറ്റിയത്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനം ഉണ്ടാകും.
വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സർക്കാരും നടിയും രംഗത്തെത്തിയത്. ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടർന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയിൽ താൻ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു.
നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. 80 സാക്ഷികളെ വിസ്തരിച്ചെങ്കിലും വിചാരണ ഈ രീതിയിൽ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സർക്കാർ അറിയിച്ചു. പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയിൽ പെരുമാറുന്നത്. എട്ടാം പ്രതി ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. വിസ്താരം തടസ്സപ്പെടുത്താൻ പ്രതിഭാഗം പല രീതിയിൽ ശ്രമിച്ചിട്ടും കോടതിയിടപെട്ടില്ല. കോടതി തന്നെ പലവട്ടം മാനസികമായി തേജോവധം ചെയ്തെന്ന് നടിയും അറിയിച്ചു. കോടതിമുറിയിൽ പൊട്ടിക്കരയേണ്ടിവന്നു. അനാവശ്യ ചോദ്യങ്ങളാണ് ജഡ്ജി പലപ്പോഴും ചോദിച്ചത്. വാദങ്ങൾ കേട്ട ശേഷം, തെറ്റായ ഉത്തരവുകളും നിർദേശങ്ങളും വിചാരണക്കോടതി നൽകിയെങ്കിൽ എന്തുകൊണ്ട് നേരത്തേ തന്നെ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ കൊല്ലം സ്വദേശി പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കുമാറിനെ ഇന്നലെ 5 മണിക്കൂറോളം ബേക്കൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ വിശദാംശങ്ങളടക്കം അന്യേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് പരിഗണിച്ചാകും ജാമ്യാപേക്ഷയിൽ കോടതിയുടെ തുടർ നടപടി. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രദീപ്കുമാറിന്റെ മൊഴി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam