
തിരുവനന്തപുരം: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിനും താരസംഘടനയായ എഎംഎംഎയ്ക്കും പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് സൂത്രവാക്യം.
കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന്‍ ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
'പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി'; വിൻസി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'
'ആ പ്രധാന നടന്‍ ശല്യമായി': സിനിമ സെറ്റില്‍ ലഹരി ഉപയോഗം വ്യക്തം:തുറന്നടിച്ച് വിന്‍സി