'വിഴിഞ്ഞം സമരക്കാർക്ക് സ്വന്തം നിയമം,സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധം നടക്കുന്നു 'അദാനി ഗ്രൂപ്പ്

By Kishor Kumar K CFirst Published Nov 28, 2022, 11:46 AM IST
Highlights

വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്  സർക്കാർ .സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി:വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹരജി ഇന്ന്  ഹൈക്കോടതി  പരിഗണിച്ചു.വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ്  കോടതിയിൽ വിശദീകരിച്ചു.വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു. സമരക്കാർക്ക് സ്വന്തം നിയമമാണ്.സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് .പോലീസ് നിഷ്ക്രിയമാണ്.5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാര് കോടതിയെ അറിയിച്ചു.മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞു. പോലീസുകാർക്ക് പരിക്കേറ്റു,എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി.ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിര്‍ദ്ദേശിച്ചു.  സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്  സർക്കാർ അറിയിച്ചു. .സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ സർക്കാരിനോട്  ഹൈകോടതി ആവശ്യപ്പെട്ടു

വിഴിഞ്ഞത്ത് സര്‍ക്കാര്‍ പ്രകോപനം അവസാനിപ്പിക്കണം: കെ.സുധാകരന്‍ എംപി

വിഴിഞ്ഞത്ത് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും പ്രകോപനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു.ജീവിക്കാനായുള്ള പോരാട്ടം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യം ചെയ്ത് അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ അത് കോണ്‍ഗ്രസ് അംഗീകരിക്കില്ല.പ്രതിഷേധം വഷളാക്കിയത് സര്‍ക്കാരിന്റെ നിലപാടാണ്. പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികര്‍ക്കെതിരെ പ്രതിചേര്‍ത്ത് കേസെടുത്ത് പ്രതികാരനടപടി സ്വീകരിച്ച ആഭ്യന്തരവകുപ്പ് മത്സ്യത്തൊഴിലാളികളോടും ലത്തീന്‍ സഭാവിശ്വാസികളോടും പരസ്യമായ യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. സര്‍ക്കാരിന്റെ ഈ നടപടി നീതികരിക്കാനാവില്ല.വൈദികര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിടുപണി ചെയ്യുകയാണ്. സമരക്കാരില്‍ നിന്നും 200 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. അത് നടപ്പാക്കാമെന്നത് സര്‍ക്കാരിന്റെ ദിവാസ്വപ്നമാണെന്നും സുധാകരന്‍ പറഞ്ഞു.

click me!