
കൊച്ചി: കോടതിയാവശ്യപ്പെട്ടാൽ എഡിഎം നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ. എന്നാൽ അന്വേഷണം ശരിയായ വഴിയ്ക്കാണെന്നും സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുന്നുണ്ടോ എന്നതല്ല സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
എഡിഎം നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. കേസ് സിബിഐയ്ക്ക് കൈമാറാൻ തയാറാണോയെന്ന് ഹർജി പരിഗണിച്ചയുടനെ കോടതി ചോദിച്ചു. തയാറല്ലെന്നും സിബിഐ വരേണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കുന്നുണ്ടോയെന്ന് സിബിഐയോട് തുടർ ചോദ്യം. കോടതിയാവശ്യപ്പെട്ടാൽ ഏറ്റെടുക്കാമെന്ന് സിബിഐ അഭിഭാഷകന്‍റെ മറപടി. സിബിഐ ഏറ്റെടുക്കുന്നോ ഇല്ലയോ എന്നതല്ല സിബിഐ അന്വേഷിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
എന്തുകൊണ്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നെന്ന് ഹർജിക്കാരിയോട് കോടതി ചോദിച്ചു. അന്വേഷണത്തിൽ അപാകതയുണ്ട് എന്നതിന് എന്ത് തെളിവാണുള്ളത്. കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും രാഷ്ടീയ നേതാവ് പ്രതിയായ കേസിൽ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ഹർജിക്കാരി മറുപടി നൽകി. രാഷ്ടീയ ബന്ധം ഉണ്ട് എന്നുകരുതി അന്വേഷണം ശരിയായ വഴിക്കല്ല എന്ന് എങ്ങനെ പറയാൻ കഴിയും എന്ന് കോടതി ചോദിച്ചു. കൊലപാതകമെന്ന് സംശയിക്കാൻ എഡിഎമ്മിന്‍റെ ശരീരത്തിൽ എന്തെങ്കിലും അസോഭാവിക മുറിപ്പാടുകൾ ഉണ്ടായിരുന്നോ, പോസ്റ്റുമാർട്ടത്തിൽ അത്തരം സൂചനകളുണ്ടോയെന്നും കോടതി ആരാഞ്ഞു.
കേസ് ഡയറി വിശദമായി പരിശോധിക്കട്ടെ എന്നും അന്വേഷണ പുരോഗതി സംബന്ധിച്ച് വ്യക്തത വരുമല്ലോ എന്നും ജസ്റ്റീസ് കൗസർ എടപ്പഗത്ത് പറഞ്ഞു. വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ട കോടതി ഹർജി ഹർജി 12ന് പരിഗണിക്കാനായി മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം