
തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജൻ രംഗത്ത്. ഹൈക്കോടതിയുടെ ഉത്തരവ് അപ്രയോഗികമാണെന്ന് പറഞ്ഞ മന്ത്രി, കോടതിയുടെ ചില നിരീക്ഷണങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വിവരിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ നിയമനിർമ്മാണത്തെക്കുറിച്ചുള്ള ആലോചനയിലാണ്. നിയമ നിർമ്മാണത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ ആഴ്ച തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും റവന്യു മന്ത്രി വിവരിച്ചു. തൃശൂർ പൂരം അതിന്റെ പൂർണ്ണ പെരുമയോടെ തന്നെ ഒരു കോട്ടവും തട്ടാതെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഓർഗനൈസേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മെമ്മോറാണ്ടം നൽകി. നിലവിലെ മാർഗനിർദേശങ്ങൾ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കും, ഹർജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, നിഷ്പക്ഷത ഉറപ്പാക്കാൻ ഹർജി പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിൽ പറയുന്നത്. പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളാണ് ഹൈക്കോടതി ഗൈഡ് ലൈനിൽ ഉള്ളതെന്നു മെമ്മോറാണ്ടത്തിൽ വിമർശിച്ചിട്ടുണ്ട്.
അതേസമയം നവംബർ 14 നാണ് സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിൽ കർശന നിബന്ധനകൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam