
കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തിയ എഡിഎം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിന് കാരണം ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ അല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, കഴിഞ്ഞ അഞ്ച് വർഷമായി ജീവനക്കാരി കടുത്ത നിരാശയിലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. കളക്ടർക്ക് കൈമാറിയ ഈ അന്വേഷണ റിപ്പോർട്ട് തുടർനടപടികൾക്കായി റവന്യൂ കമ്മീഷണർക്ക് കൈമാറും.
കാസർകോട് കളക്ട്രേറ്റിൽ വെച്ച് ഐസ് ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച ആശാലത ചികിത്സയിലിരിക്കെയാണ് മരിച്ചത്. 41 വയസായിരുന്നു. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായിരുന്നു. ആശാലതയുടേത് അകാരണമായ സ്ഥലം മാറ്റം മൂലമുണ്ടായ ആത്മഹത്യയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. ആശാലത കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് കുടുംബവും ഭർത്താവ് അജയനും സഹോദരൻ വിജയകുമാറും പറഞ്ഞത്. റവന്യൂ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആശാലതയെ എൻഡോസൾഫാൻ സെല്ലിലേക്കാണ് മാറ്റിയത്. ഈ സ്ഥലംമാറ്റവും ഭരണമാറ്റത്തിന് ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തിയതും ഇവരെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം തള്ളുന്നതാണ് എഡിഎമ്മിൻ്റെ അന്വേഷണ റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam