
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്ക് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം. താമരശ്ശേരി ജിവിഎച്ച്എസ്എസിൽ മൂന്ന് പേര്‍ക്കും രണ്ടുപേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലും ആണ് പ്രവേശനം നൽകിയത്. പ്രതിഷേധവുമായെത്തിയ കെഎസ്‍യു, എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു നടപടികള്‍. പ്രവേശനം നല്‍കിയ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബാസിന്‍റെ അച്ഛൻ പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്. പരീക്ഷയിലും ഫലപ്രഖ്യാപനത്തിലുമെന്നതുപോലെ പ്രവേശന നടപടകളും കോടതി ഇടപെടല്‍ കൊണ്ടും പ്രതിഷേധങ്ങല്‍ കൊണ്ടും സംഭവബഹുലമായി.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് രാവിലെ 10 മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുജന സംഘടനകളുടെ പ്രതിഷേധ ആഹ്വനത്തിന്‍റെ പശ്ചാത്തലത്തല്‍ പ്രവേശന നടപടികൾ ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പൊലീസ് പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥികളെ നേരിട്ട് എത്തിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിനായുളള നീക്കങ്ങൾ പൊലീസ് തുടങ്ങിയതിനു പിന്നാലെ കെഎസ്‍യു - എംഎസ്എഫ് പ്രവര്‍ത്തകര്‍ താമരശേരി ജിവിഎച്ച്‍എസ്എസിനു മുന്നില്‍ പ്രതിഷേധവുമായെത്തി.
ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വെള്ളിമാട് കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിയത്. കുറ്റാരോപിതരായ മൂന്നു പേര്‍ക്ക് താമരശ്ശേരി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം കിട്ടി. ഒരാൾ സ്ഥിരപ്രവേശനവും രണ്ടുപേർ താൽക്കാലിക പ്രവേശനവും ആണ് ആണ് നേടിയത്. ഒരു കുട്ടി ഒന്നാം ഓപ്ഷൻ നൽകി സ്ഥിരപ്രവേശനം നേടിയപ്പോള്‍ മറ്റു രണ്ടു പേരില്‍ ഒരാള്‍ ഒമ്പതാമത്തെ ഓപ്‌ഷനും മറ്റൊരാൾ 45 മത്തെ ഓപ്ഷനും ആയിരുന്നു താമരശ്ശേരി സ്‌കൂളില്‍ നൽകിയത്.
കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തൃപ്തികരമല്ല എന്നതു കൂടി ചൂണ്ടിക്കാട്ടിയായിരുന്നു അഡ്മിഷന്‍ നിഷേധിക്കണമെന്ന സമരക്കാരുടെ ആവശ്യം. എന്നാല്‍ ഇക്കാരണത്താല്‍ മാത്രം അഡ്മിഷൻ നിഷേധിക്കാനാകില്ല എന്ന നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സ്‌കൂളുകള്‍ക്ക് കിട്ടിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, അഡ്മിഷന് ശേഷം മറ്റൊരു വഴിയിലൂടെയാണ് കുട്ടികളെ ജുവൈനില്‍ ഹോമിലേക്ക് തിരികെ എത്തിച്ചത്. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam