
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയിലും മാര്‍ക്ക് ദാന വിവാദമുയര്‍ത്തി കെഎസ്‍യു. ബികോം പരീക്ഷ പാസാകാത്ത വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാലക്ക് കീഴിൽ ഫിസിക്കൽ എജുക്കേഷൻ ഡിപാര്‍ട്ട്മെന്‍റിൽ ഉന്നത പഠനത്തിന് അവസരം നൽകിയെന്നാണ് പ്രധാന ആരോപണം. സംഭവം വിവാദമായതോടെ ബിദുദ പരീക്ഷ ജയിപ്പിക്കാൻ ഗ്രേസ് മാര്‍ക്ക് നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു എന്നും കെഎസ്‍യു പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.
കണ്ണൂർ സർവകാലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപാര്‍ട്ട്മെന്‍റിൽ പ്രവേശനം കിട്ടാൻ വേണ്ട ഒന്നാമത്തെ യോഗ്യത ബിരുദമാണ്. എന്നാൽ ബികോം തോറ്റ വിദ്യാർത്ഥിനിക്ക് പ്രവേശനവും പരീക്ഷ രജിസ്ട്രേഷന് അവസരവും നൽകിയതോടെയാണ് വിവാദത്തിന്‍റെ തുടക്കം. ഹാൾടിക്കറ്റ് നൽകുന്നതിനുള്ള നടപടിക്കിടെ പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് സര്‍വകലാശാല വൈസ് ചാൻസിലറെ വിവരമറിയിച്ചു. ഗൗരവമായ വിഷയമാണെന്നും കർശന നടപടിയുണ്ടാകുമെന്നുമാണ് വൈസ് ചാൻസിലറുടെ പ്രതികരണം.
വിദ്യാര്‍ത്ഥിനിക്ക് ചട്ടം ലംഘിച്ച് ഉന്നത പഠനത്തിന് അവസരം നൽകിയതിന് പിന്നിൽ ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവിയും ഒരു സിൻഡിക്കേറ്റംഗവുമാണെന്ന് കെഎസ്‌യു വൈസ്‍ചാൻസിലര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നത്. കേരള സര്‍വകലാശാലയിലാണ് വിദ്യാർത്ഥിനി ബികോം പഠിച്ചത്. വിദ്യാർത്ഥിനിയെ രക്ഷിച്ചെടുക്കാൻ അനധികൃതമായി ഗ്രേസ് മാർക്ക് നൽകി ബിരുദം പാസാക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടാന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം.
ചട്ടംലംഘിച്ച പ്രവേശന നടപടിയും ഗ്രേസ് മാര്‍ക്ക് നൽകി ബിരുദ പരീക്ഷ ജയിപ്പിക്കാനുള്ള നീക്കവും വിജിലൻസ് അന്വേഷിക്കണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam