ദത്തെടുപ്പ് വിവാദം: മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി അട്ടിമറിച്ചു, ക്രിമിനൽ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്ന് പൊലീസ്

By Web TeamFirst Published Oct 26, 2021, 7:23 AM IST
Highlights

ജൂലായ് 28 ന് പേരൂര്‍ക്കട പോലീസില്‍ എത്തി. അപ്പോള്‍ പോലീസ് ഇടപെട്ടിരുന്നെങ്കില്‍ ഓഗസ്ത് ആദ്യ ആഴ്ച നടന്ന ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാമായിരുന്നു, ചെയ്തില്ല

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും പൊലീസ് അട്ടിമറിച്ചു. പരാതി പൊലീസ് തീർപ്പാക്കിയത് അനുപമയുടെ ഭാഗം കേൾക്കാതെയായിരുന്നു. ശിശുക്ഷേമ സമതിയെയോ കോടതിയെയോ സമീപിക്കണമെന്ന വിചിത്ര മറുപടിയാണ് കുഞ്ഞിന്റെ അമ്മയ്ക്ക് നൽകിയത്.

കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് ഏപ്രില്‍ 19 ന് അനുപമ പോലീസില്‍ കൊടുത്ത പരാതിയില്‍ ഒരു നടപടിയും അന്നുണ്ടായില്ല. പിന്നാലെ ഡിജിപിക്കും പരാതി നല്‍കി. അതിന് ശേഷമാണ് ജൂലായ് മാസം 12 ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. പരാതി ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പേരൂര്‍ക്കട പോലീസിനും കൈമാറിപ്പോകുന്നത് ഓണ്‍ലൈന്‍ രേഖയുണ്ട്. 

ജൂലായ് 28 ന് പേരൂര്‍ക്കട പോലീസില്‍ എത്തി. അപ്പോള്‍ പോലീസ് ഇടപെട്ടിരുന്നെങ്കില്‍ ഓഗസ്ത് ആദ്യ ആഴ്ച നടന്ന ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാമായിരുന്നു, ചെയ്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുത്ത പരാതി പേരൂര്‍ക്കട പോലീസില്‍ എത്തിയിട്ടും ഒരിക്കല്‍ പോലും മൊഴിയെടുക്കാന്‍ വിളിച്ചില്ലെന്ന് അനുപമ പറയുന്നു.

ദത്ത് പോകും മുമ്പ് പരാതി പേരൂ‍‍ർക്കട സ്റ്റേഷനിൽ എത്തിയെങ്കിലും ഒന്നരമാസം വൈകിപ്പിച്ച് ദത്ത് പോയശേഷം മാത്രമാണ് മറുപടി നൽകിയത്. എതിര്‍ കക്ഷികളെ കണ്ട് ചോദിച്ചു. താങ്കളുടെ പരാതി ശിശുക്ഷേമ സമിതി വഴിയോ കോടതി മുഖാന്തിരമോ പരിഹാരം കാണാവുന്നതാണെന്ന്. അനുപമയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞ വാദങ്ങൾ മുഖവിലക്കെടുത്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു പോലീസ്. കുട്ടിയെ സറണ്ടര്‍ ചെയ്തതാണെന്ന് നോട്ടറി സാക്ഷ്യപ്പെടുത്തിയ ഒരു വ്യാജരേഖ പോലീസ് വിശ്വസിച്ചുവെന്ന് വ്യക്തം.

അനുപമ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരായി സറണ്ടര്‍ ചെയ്തിരുന്നോയെന്ന് സ്റ്റേറ്റ് അഡോപ്ഷന്‍ റിസേര്‍ച്ച് ഏജന്‍സിയോട് ചോദിക്കാതെയാണ് പോലീസ് ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നത്.

വിവാദം ഇന്ന് സഭയിൽ

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് മറുപടിക്ക് നൽകാനായി മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാൻ സാധ്യത ഉണ്ട്. അനുപമയുടെ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഉണ്ടാവാതിരുന്നതിലും, വിഷയത്തിൽ തോറ്റ് പോയെന്ന പി.കെ. ശ്രീമതിയുടെ ഏറ്റുപറച്ചിലിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് പ്രതീക്ഷിക്കാം.

click me!