
തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി. മജിസ്ട്രേറ്റിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ട്.
വാഹന അപകട കേസിലെ വാദിയായ സ്ത്രിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയതാണ് അഭിഭാഷകരെ പ്രകോപിച്ചത്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മജിസ്ട്രേറ്റ് ദീപാ മോഹന്‍റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്തതോടെയാണ് തിരുവനന്തപുരം ബാർ അസോസിയേഷൻ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. മജിസ്ട്രേറ്റിനെതിരെയും കേസെടുപ്പിക്കാനാണ് നീക്കം. മജിസ്ട്രേറ്റ് ദീപാ മോഹൻ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കാണിച്ച അഭിഭാഷകയായ രാജേശ്വരിയാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്.
പരാതി സ്വീകരിച്ച പൊലീസ് പക്ഷെ കേസെടുക്കാൻ തയ്യാറായിട്ടില്ല. കേസെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നാണ് ബാർ അസോസിയേഷന്‍റെ പൊലീസിനോടുള്ള മുന്നറിയിപ്പ്. മാത്രമല്ല തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും മജിസ്ട്രേറ്റിനെതിരെ ബാർ കൗണ്‍സിലിൽ മറ്റൊരു പരാതിയും നൽകി. മജിസ്ട്രേറ്റായി ജോലി ലഭിച്ചശേഷവും ദീപാമോഹൻ സന്നത് റദ്ദാക്കിയില്ലെന്നാണ് പരാതി. മറ്റൊരു ജോലി ലഭിച്ചാൽ അഭിഭാഷയെന്ന സന്നത് റദ്ദാക്കണെന്ന ചട്ടം ലംഘിച്ച വനിത മജിസ്ട്രേറ്റിനെതിരെ നടപടിവേണമെന്നണ് പരാതിയിലെ ആവശ്യം.
അതേ സമയം ഇപ്പോഴും പലരിൽ നിന്നും ഭീഷണി തുടരുന്നുവെന്ന് വാഹന അപകട കേസിലെ വാദിയായ ലതാ കുമാരി പറയുന്നു. 2015 കെഎസ്ആർടിസി ഡ്രൈവർ മണി അലക്ഷ്യമായി വാഹനമോടിച്ചതിനാൽ യാത്രക്കാരിയായ ലതകുമാരിക്ക് പരിക്കേറ്റെന്നാണ് കേസ്. ഡ്രൈവറെ കണ്ടാലറിയില്ലെന്ന് പറയണമെന്നായിരുന്നു മണിയുടെയും അഭിഭാഷകന്‍റെയും ഭീഷണിയെന്ന് ലത കുമാരി പറയുന്നു.
വനിതാ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച അഭിഭാഷകർക്കെതിരെ സ്വമേധയ കേസെടുക്കുന്ന കാര്യത്തിലെ തുടർ നടപടികൾ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam