
തൃശ്ശൂർ: തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കർമ്മ സേന (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തനം ആരംഭിച്ചു.
രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി, രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി. പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.
പന്നികളെ ബാധിക്കുന്ന വളരെയധികം ഗൗരവമുള്ള വൈറല്‍ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. 1900കളില്‍ ഈസ്റ്റ് ആഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത്. രോഗബാധയുണ്ടായാല്‍ പന്നികളില്‍ മരണനിരക്ക് കൂടുതലാകുന്ന- അത്രയും ഗൗരവമുള്ള രോഗം. ലക്ഷണങ്ങള്‍ കൊണ്ട് ഏറെക്കുറെ ഒരുപോലെ ആണെങ്കിലും പന്നിപ്പനിയും ആഫ്രിക്കൻ പന്നിപ്പനിയുമുണ്ടാക്കുന്നത് രണ്ട് തരം വൈറസുകളാണ്. രണ്ടും ഗൗരവമുള്ള രോഗം തന്നെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam