
തിരുവനന്തപുരം: എയിംസിൽ ബിജെപിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും എയിംസ് കേരളത്തിൽ വരണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. എയിംസ് വിഷയത്തിൽ ഒറ്റക്കെട്ടായ നിലപാടാണ് പാർട്ടിക്കുള്ളതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി കൗൺസിലർ അനിൽ കുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും പികെ കൃഷ്ണദാസ് പ്രതികരിച്ചു. സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്തവർ തിരിച്ചടക്കണമെന്നും അതിൽ ബിജെപി കാർ ഉണ്ടെങ്കിൽ അവരും തിരിച്ചടയ്ക്കണമെന്നും എല്ലാവരും കടം എടുത്തിട്ടുണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കൂട്ടത്തോടെ നിക്ഷേപകർ വന്നതാണ് സംഘത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കിയത്. ബിജെപി പ്രവർത്തകരാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനിൽകുമാറിന്‍റെ ആത്മഹത്യാക്കുറിപ്പിലില്ല. അങ്ങനെ വാർത്ത കൊടുത്തവർക്കെതിരെ കേസ് കൊടുക്കും.എൻഎസ്എസും ബിജെപിയും തമ്മിൽ അഭിപ്രായ ഭിന്നതയില്ല. ശബരിമല വിഷയത്തിൽ ബിജെപി നിലപാട് മാറ്റിയിട്ടില്ല. സിപിഎം ആണ് ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയത്.
കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ഇടത് സർക്കാർ തകർത്തുവെന്നും സിപിഎം നേതാക്കൾ നടത്തിയ കൊള്ള കാരണം സഹകരണ ബാങ്കിങ് മേഖലയിലെ വിശ്വാസ്യത പോയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലാണ്.പ്രതിസന്ധി മറികടക്കാൻ ജില്ലാ ബാങ്കുകള്‍ നൽകുന്ന സഹായം ഇല്ലാതായി. പ്രാഥമിക സഹകരണ ബാങ്കിൽ നിന്ന് ജനങ്ങൾ നിക്ഷേപം പിൻവലിക്കുകയാണ്. കരുവന്നൂർ ബാങ്കിലടക്കം തട്ടിപ്പ് കാരണം വിശ്വാസ്യത പോയി.