മാണി എന്ന വൻമരം വീണു, പാര്‍ട്ടി പിളര്‍ന്നു; യുഡിഎഫ് തളര്‍ന്നോ ? സര്‍വെ ഫലം

By Web TeamFirst Published Jul 3, 2020, 7:46 PM IST
Highlights

യുഡിഎഫ് പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ എന്ന് ജോസ് കെ മാണി. കെ എം മാണിയുടെ മരണവും പാർട്ടിയിലെ പിളർപ്പും യുഡിഎഫിനെ ക്ഷീണിപ്പിച്ചോ? സര്‍വെ ഫലം 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ സജീവമായി നടക്കുന്ന സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നാണ് യുഡിഎഫിൽ നിന്ന് പുറത്തായ കേരളാ കോൺഗ്രസിന്‍റെ അവസ്ഥ. പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെയാണെന്ന് ആദ്യ പ്രതികരണത്തിൽ തുറന്നടിച്ച ജോസ് കെ മാണി കേരളാ കോൺഗ്രസ് അനുകൂലികളുടെ കയ്യടിയും വാങ്ങി. എങ്ങുമില്ലാതെ നിൽക്കുന്ന കേരളാ കോൺഗ്രസിന്‍റെ മുന്നണി പ്രവേശം ഇടത് മുന്നണിക്കകത്തും ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. 

കേരളാ കോൺഗ്രസ് പിളര്‍പ്പും യുഡിഎഫിൽ നിന്ന് പുറത്ത് പോയ ജോസ് കെ മാണി വിഭാഗത്തിന്‍റെ തുടര്‍ നീക്കങ്ങളും ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിൽ കെഎം മാണിയുടെ വിയോഗം യുഡിഎഫ് രാഷ്ട്രീയത്തിലുണ്ടാക്കിയ വിടവുകൾ വിലയിരുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ . 

കെ എം മാണിയുടെ മരണവും പാർട്ടിയിലെ പിളർപ്പും യുഡിഎഫിനെ ക്ഷീണിപ്പിച്ചോ? ഏതാണ്ട് പകുതിയോളം പേര്‍ പറയുന്നത് ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന് തന്നെയാണ്. സര്‍വെയിൽ പങ്കെടുത്ത 46 ശതമാനം പേര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ ഒരു തരത്തിലും ക്ഷീണമുണ്ടാക്കിയിട്ടില്ലെന്ന് വിശ്വസിക്കുന്ന 28 ശതമാനം പേരും പറയാനാകില്ലെന്ന് വോട്ടിട്ട 26 ശതമാനം പേരും ഉണ്ട്. 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ  ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം പുറത്ത് വിടുന്നത്. 

click me!