'കോടതി വിധി പഠിച്ച ശേഷം തുടർ നടപടികൾ ആലോചിക്കും'; ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം റദ്ദാക്കിയതിൽ നിയമമന്ത്രി

By Web TeamFirst Published May 29, 2021, 2:44 PM IST
Highlights

ഇന്നലെ വൈകിട്ടാണ് കോടതി വിധി വന്നത്. അതിനാൽ വിശദമായി പഠിക്കാൻ സമയം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ അനുകൂല്യങ്ങളിലെ  80: 20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ വിധി സംബന്ധിച്ചു പഠിച്ച ശേഷം തുടർ നടപടികൾ ആലോചിക്കുമെന്ന് നിയമ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് കോടതി വിധി വന്നത്. അതിനാൽ വിശദമായി പഠിക്കാൻ സമയം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത്. ഈ അനുപാതമാണ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.  ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. 

നിലവിലെ അനുപാതം 2015 ലാണ് നിലവിൽ വന്നത്. ഏറെക്കാലമായി ക്രൈസ്തവ സഭകൾ ഈ അനുപാതത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയാണ് ഉണ്ടായിരുന്നത്. അതിലാണ് ഇന്നലെ ഉത്തരവിട്ടത്. ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോൾ അത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായ രീതിയിൽ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാൻ. ഇപ്പോൾ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാൽ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ ഏറെക്കുറെ ഇപ്പോഴത്തെ അനുപാതത്തിൽ തന്നെ എത്തിനിൽക്കും.  യുഡിഎഫ് സർക്കാരിന്റെഅന്നത്തെ നീക്കം ക്രിസ്ത്യൻ സമൂഹത്തെ വലിയ തോതിൽ രോഷാകുലരാക്കിയിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!