
തിരുവനന്തപുരം: ഇ നിയമസഭ പദ്ധതി ഊരാളുങ്കലിന് കരാർ നൽകിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഴകുളം മധു എംഎൽഎ. ഈ വിഷയത്തിൽ അദ്ദേഹം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകി. കേരള നിയമസഭ ഡിജിറ്റൽ വൽക്കരിക്കാനുള്ള നിയമസഭ പദ്ധതിയുടെ കരാറുകാരായ ഊരാളുങ്കൽ സഹകരണ സംഘം പദ്ധതി നടത്തിപ്പിൽ വരുത്തിയ ഗുരുതര വീഴ്ചകൾ, ക്രമവിരുദ്ധ പദ്ധതി പ്രവർത്തികൾ, നീതീകരിക്കാനാകാത്ത കാലതാമസം, എന്നിവയും നടത്തിപ്പിലെ പ്രവർത്തിയെ സംബന്ധിച്ച് ഉയർന്നു വന്ന ആരോപണങ്ങൾ ഒന്നും പരിഗണിക്കാതെ അവയെല്ലാം ക്രമവൽക്കരിച്ചു നൽകിയതിലുമുള്ള അഴിമതിയിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, ഊരാളുങ്കലിനെതിരെയുള്ള ആരോപണങ്ങളിൽ യുഡിഎഫ് യൂ ടേൺ അടിച്ചിരുന്നു. പ്രതിപക്ഷത്തായിരുന്ന സമയത്ത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപണം ഉന്നയിച്ചെങ്കിലും ഭരണത്തിലേറിയപ്പോൾ നിലപാട് മാറ്റി. ഊരാളുങ്കലിന് യുഡിഎഫ് സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ നൽകുന്ന മറുപടിയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രിമാർ നൽകിയത്. ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവര്‍ത്തികളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിയമസഭയിൽ പറഞ്ഞു. പിണറായി സര്‍ക്കാരിന്‍റെ അഴിമതിയുടെ മര്‍മസ്ഥാനവും പ്രഭവ കേന്ദ്രവും ഊരാളുങ്കലെന്നാരുന്നു പ്രതിപക്ഷത്തിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മോദിക്ക് അദാനി എങ്ങനെയാണോ അതു പോലോയൊണ് പിണറായിക്ക് ഊരാളുങ്കൽ എന്നായിരുന്നു പരാമർശം. കേരളത്തിൽ ഏറ്റവുമധികം അഴിമതി നടത്തിയത് പിണറായി സര്‍ക്കാര്‍ ആണെന്നും അഴിമിതിയുടെയെല്ലാം പ്രഭവ കേന്ദ്രവും മര്‍മ സ്ഥാനവും ഊരാളുങ്കലാണെന്നും ഉന്നയിച്ചു. കരാറുകള്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നൽകി കോടികളാണ് സിപിഎം സമ്പാദിച്ചതെന്നും എല്ലാ ഇടപാടുകളും യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരവാദികളെക്കൊണ്ട് മറുപടി പറയിച്ചിരിക്കുമെന്നും കോൺഗ്രസ് ഉറപ്പും നൽകി. കെ.എം ഷാജി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.
എന്നാൽ, നിയമസഭയിൽ ഊരാളുങ്കലിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രവൃത്തികള്‍ നൽകിയത് നിലവാരക്കുറവിനും അഴിമതിക്കും കാരണമായോ എന്ന ചോദ്യം കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചു. എന്നാൽ, പക്ഷേ പ്രതിപക്ഷത്തിരുന്നപ്പോള്‍ യുഡിഎഫ് ആരോപിച്ചതും ഇപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ ചോദിച്ചതും പൊതുമരാമത്ത് വകുപ്പും മന്ത്രി ശരിവെച്ചില്ല. ഊരാളുങ്കലിന്റേത് മികച്ച പ്രവർത്തനമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഊരാളുങ്കലിന്‍റെ കുത്തക ഒഴിവാക്കുമോയെന്ന് വി ടി ബൽറാം ചോദിച്ചപ്പോള്‍, മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam