കാലിക്കറ്റ് സർവ്വകലാശായിലെ അധ്യാപക തസ്തിക അഭിമുഖത്തിനെതിരെ വീണ്ടും പരാതി

By Web TeamFirst Published Jan 30, 2021, 10:50 AM IST
Highlights

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിടെ തൃശ്ശൂർ ജോണ്‍ മത്തായ് സെന്‍ററിൽ പ്രവ‍ർത്തിക്കുന്ന ഇക്കണോമിക്സ് വകുപ്പിലേക്ക് ഈ മാസം 21 മുതൽ മൂന്ന് ദിവസങ്ങളിലായാണ് അഭിമുഖം നടന്നത്. വിഷയ വിദഗ്ദരായി വിവിധ സർവ്വകലാശാലകളിൽ നിന്നെത്തിയവർക്ക് മതിയായ യോഗ്യത ഇല്ലെന്നും ആരോപണമുണ്ട്. 

കാലിക്കറ്റ് സർവ്വകലാശാല പഠന വകുപ്പുകളിലെ അധ്യാപക തസ്തിക അഭിമുഖത്തിനെതിരെ വീണ്ടും പരാതി. ഇക്കണോമിക്സ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ ഒരാളുടെ റിസര്‍ച്ച് ഗൈഡായിരുന്ന അധ്യാപകനെ ഇന്റർവ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. ഇത് കാണിച്ച് ഉദ്യോഗാർത്ഥികൾ സിന്‍റിക്കറ്റിന് പരാതി നൽകി. നേരത്തെ എഡുക്കേഷൻ വിഭാഗത്തിലും സമാന പരാതി ഉയർന്നിരുന്നു. ഉദ്യോഗാർത്ഥി ആയിരുന്ന എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ റിസർച്ച് ഗൈഡ് ഇന്‍റർവ്യൂ ബോർഡിൽ ഉൾപ്പെട്ടു എന്നായിരുന്നു പരാതി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിടെ തൃശ്ശൂർ ജോണ്‍ മത്തായ് സെന്‍ററിൽ പ്രവ‍ർത്തിക്കുന്ന ഇക്കണോമിക്സ് വകുപ്പിലേക്ക് ഈ മാസം 21 മുതൽ മൂന്ന് ദിവസങ്ങളിലായാണ് അഭിമുഖം നടന്നത്. ഇക്കണൊമിക്സ് വിഷയ വിദഗ്ദനായി സമിതിയിലുണ്ടായിരുന്ന പ്രഫസറുടെ കീഴിൽ ഗവേഷണം നടത്തിയയാളും അഭിമുഖത്തിനുണ്ടായിരുന്നു. ഈ വിദ്യാർത്ഥിയെ തെരഞ്ഞെടുക്കാൻ പ്രഫസർ ശ്രമിക്കുന്നെന്ന് കാണിച്ചാണ് 20 ഉദ്യോഗാർത്ഥികൾ സിന്‍റിക്കറ്റിന് പരാതി നൽകിയത്. 

വിഷയ വിദഗ്ദരായി വിവിധ സർവ്വകലാശാലകളിൽ നിന്നെത്തിയവർക്ക് മതിയായ യോഗ്യത ഇല്ലെന്നും ആരോപണമുണ്ട്. ചിലർക്ക് ഉദ്യോഗാർത്ഥികളേക്കാൾ കുറഞ്ഞ യോഗ്യത മാത്രമേ ഉള്ളുവെന്നും പരാതിയിൽ പറയുന്നു. ഐഐഎം സിഡിഎസ് പോലുള്ള സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളിലെ ഇക്കണോമിക്സ് വകുപ്പുകളിൽ മികച്ച യോഗ്യത ഉള്ള അധ്യാപകരുണ്ടായിട്ടും ഇന്‍റർവ്യു ബോർഡിൽ ഉൾപ്പെടുത്താതിരുന്നത് സ്വന്തക്കാരെ തിരുകി കയറ്റാനാണെന്നാണ് ആരോപണം. നിലവിലെ ഇക്കണോമിക്സ് പഠന വകുപ്പ് മേധാവി അസിസ്റ്റന്‍റ് പ്രൊഫസർ പദവിയുള്ളയാളാണ്. എന്നാൽ ഇദ്ദേഹത്തെ അസിസ്റ്റന്‍റ് പ്രൊഫസർമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിലുൾപ്പെടുത്തിയത് ചട്ട ലംഘനമാണെന്നും പരാതിയിൽ പറയുന്നു. 

ആരോപണ വിധേയരെ ഒഴിവാക്കി കൂടുതൽ വിഷയ വിദഗ്ദരെ ഉൾപ്പെടുത്തി. പുതിയ പാനലുണ്ടാക്കി വീണ്ടും ഇന്‍റർവ്യു നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. എജുക്കേഷൻ വിഭാഗത്തിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹലയ്ക്ക് നിയമനം നല്‍കാനായി ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന ഡോ. പി കേളുവിനെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു നേരത്തെ ഉയർന്ന പരാതി. ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണറെ സമീപിച്ചിരുന്നു.
 

click me!