
പത്തനംതിട്ട: പമ്പാ സംഗമത്തിലേത് എഐ അല്ല അത്ഭുത സംഭവമാണ് എന്ന് കെപി ശശികല. സിപിഎമ്മുകാർ നോക്കിയാൽ മാത്രമേ കസേരയിൽ ആളുകളെ കാണുകയുള്ളൂ, അയ്യപ്പഭക്തർ നോക്കിയാൽ കാണില്ല എന്നും ശശികല പറഞ്ഞു. പിണറായി ഭക്തനായി എന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തില്‍ ഭക്തനായാൽ നല്ലതാണ്, ഭക്തനായി അഭിനയിച്ചാൽ അതിനുള്ള പണി അയ്യപ്പൻ കൊടുത്തുകൊള്ളൂം എന്ന് പറഞ്ഞ ശശികല പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തിൽ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നു എന്നും പ്രതികരിച്ചു.
അയ്യപ്പ സംഗമത്തിലെ ഒഴഞ്ഞ കസേരകൾ എഐ നിര്‍മ്മിതമാണെന്ന സിപിഎം വാദത്തിനെതിരെ വത്സന്‍ തില്ലങ്കേരിയും പ്രതികരിച്ചു. സിപിഎം ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും, മാധ്യമങ്ങൾ തൽസമയം റിപ്പോർട്ട് ചെയ്തതാണ്, പഴയതുപോലെ കള്ളം പറഞ്ഞ് ജീവിക്കാൻ കഴിയില്ല എന്നും വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. പന്തളം ശബരിമല സംരക്ഷണ സംഗമത്തിന് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും സെമിനാറിലും മറ്റു ചർച്ചയിലും കിട്ടുന്ന നിർദ്ദേശങ്ങൾ ദേവസ്വം ബോർഡ്, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. വൈകിട്ട് അത്യുജ്ജ്വലമായ ഭക്തജന സംഗമം നടക്കും. വലിയ അവകാശവാദമില്ല , കാത്തിരുന്നു കാണാം എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്നാണ് പന്തളത്ത് നടക്കുന്നത്. ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തിൽ രാവിലെ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും നടക്കും. മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്യും. ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത്. സംസ്ഥാന സർക്കാർ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. എന്നാൽ, പരിപാടി വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചിരുന്നു.
ശബരിമല സംരക്ഷണ സംഗമം വിജയമാകുമെന്ന് ശബരിമല സംരക്ഷണ സംഗമം പ്രസിഡന്‍റും പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയുമായ പിഎൻ നാരായണ വര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പമ്പയിലെ സംഗമം വ്യത്യസ്തമായിരുന്നു. ഭഗവാൻ എവിടെ ഉണ്ടോ അവിടെ ഭക്തർ വരും. പമ്പയിൽ അതല്ലായിരുന്നു സ്ഥിതി. പന്തളം കൊട്ടാരം എന്നും വിശ്വാസികൾക്ക് ഒപ്പമാണ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കുക , സത്യവാങ്മൂലം തിരുത്തുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്നും പിഎൻ നാരായണ വര്‍മ്മ പറഞ്ഞു.