
കൊച്ചി: ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ എയിഡഡ് കോളേജ് ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍. മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിലെ എല്‍ഡി ക്ലാര്‍ക്ക് ബിനിഷിനെയാണ് അറസ്റ്റ് ചെയ്തത്. ബി എ ഇക്കണോമിക്‌സ് സീറ്റ് ഉറപ്പിക്കുന്നതിനായി 135000 രൂപയാണ് ബിനീഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
മാനേജ്മന്റ് സീറ്റില്‍ പ്രവേശനം ഉറപ്പാക്കാന്‍ കൊച്ചിന്‍ കോളേജിലെ ജീവനക്കാര്‍ വന്‍ തുക കൈക്കൂലി വാങ്ങുന്നെന്ന് കാണിച്ച് കൊച്ചങ്ങാടി സ്വദേശി എം.എം അനസാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഴിമതി വ്യക്തമാവുകയും ബിനീഷിനെ വിജിലന്‍സ് സംഘം പിടികൂടുകയും ചെയ്തു.
കൊച്ചിന്‍ കോളേജില്‍ മകള്‍ക്കായി ബി.എ എക്കണോമിക്‌സ് കോഴ്‌സില്‍ പ്രവേശനത്തിന് സമീപിച്ചപ്പോഴാണ് അനസിനോട് ജീവനക്കാരന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 135000 രൂപ നല്‍കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ ബിനീഷ് കുടുങ്ങുകയായിരുന്നു. വിജിലന്‍സ് കൈമാറിയ രാസപദാര്‍ഥം പുരട്ടിയ നോട്ടുകള്‍ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്.
5000 രൂപ തുകയായും 130000 രൂപ ചെക്കായുമാണ് പിടിച്ചെടുത്തത്. ബിനീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത നാലു ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കോളേജ് പ്രവേശനത്തിന് കൈക്കൂലി വാങ്ങിയ തുകയാണിതെന്നാണ് സംശയം. കൈക്കൂലി ഇടപാടില്‍ കോളേജിലെ മറ്റുഉദ്യോഗസ്ഥര്‍ക്കോ ഭാരവാഹികള്‍ക്കോ പങ്കുണ്ടോ എന്നകാര്യം പരിശോധിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി. വിജിലന്‍സ് ഡി.വൈ.എസ്.പി .സി.എം വര്‍ഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam