കേരളത്തിന് എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേ

By Web TeamFirst Published Feb 10, 2021, 10:26 AM IST
Highlights

ആറ് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും കേരളത്തിൽ എയിംസ് ആരംഭിക്കുന്നതിന് പണം നീക്കിവച്ചിരുന്നില്ല

ദില്ലി: കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വനി കുമാർ ചൗബേ. കേരളം അതിനായി നാല് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ പ്രഖ്യാപനം നടത്താനായിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

ആറ് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും കേരളത്തിൽ എയിംസ് ആരംഭിക്കുന്നതിന് പണം നീക്കിവച്ചിരുന്നില്ല. ഓരോ കേന്ദ്രബജറ്റിലും കേരളം പ്രതീക്ഷയോടെ ഈ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കാറുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം തമിഴ്നാട്ടിൽ എയിംസ് ആശുപത്രിയുടെ നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പദ്ധതി അടുത്ത വർഷം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നത്.

എയിംസിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കേരളം സ്ഥലം നിർദ്ദേശിച്ചിരിക്കുന്നത്. റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ കൂടി പരിഗണിച്ചായിരുന്നു തീരുമാനം. കേന്ദ്ര സഹമന്ത്രിയുടെ പുതിയ പ്രഖ്യാപനം കേരളത്തിന് പ്രതീക്ഷയേകുന്നതാണ്.

click me!